മാപ്പ് പറയാൻ എന്താണ് ദുരഭിമാനം? മാപ്പ് പറഞ്ഞേ മതിയാകൂ -കെ. സുരേന്ദ്രൻ: ‘ഗണപതി നിന്ദ പുതുപ്പള്ളിയിൽ ചർച്ചയാകും’
text_fieldsകോട്ടയം: ഗണപതി നിന്ദയും നാമജപവും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ‘മിത്ത് വിവാദത്തിൽ സി.പി.എം നിലപാട് മയപ്പെടുത്തിയിട്ട് കാര്യമില്ല. എന്താണ് മയപ്പെടുത്തിയത്? മാപ്പ് പറയാൻ എന്താണ് ദുരഭിമാനം എന്നാണ് ഞങ്ങൾ ചോദിക്കുന്നത്. മാപ്പ് പറഞ്ഞേ മതിയാകൂ’ - അദ്ദേഹം പറഞ്ഞു.
എൽ.ഡിഎഫ്- യുഡിഎഫ് നേതാക്കൾ ഒരുപോലെ പണം വാങ്ങിയതിനാലാണ് പുതുപ്പള്ളിയിൽ മാസപ്പടി വിഷയം മൂടിവെക്കാൻ ഇരുമുന്നണിയും ശ്രമിക്കുന്നത്. കോൺഗ്രസുകാരും ലീഗുകാരും സി.പി.എമ്മുകാരും മുഖ്യമന്ത്രിയും മകളും മാസപ്പടി വാങ്ങി. അതുകൊണ്ടാണ് രണ്ടുകൂട്ടരും മിണ്ടാത്തത്.
നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ വികസനങ്ങളിൽ ഊന്നിയുള്ള പ്രചാരണമാകും എൻഡിഎ നടത്തുക. പുതുപ്പള്ളിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകിയെങ്കിലും പ്രചരണത്തിൽ ഇരുമുന്നണിക്കൊപ്പവും ഓടിയെത്താൻ ബി.ജെ.പിക്ക് കഴിഞ്ഞതായി സുരേന്ദ്രൻ പറഞ്ഞു.
ഇരുമുന്നണികളും അഴിമതിക്കാരാണെന്ന് ഉറപ്പാണ്. അത് മൂടിവെക്കാനാണ് ഈ നാടകം. വിലക്കയറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പുതുപ്പള്ളിയിൽ ഉന്നയിക്കും. മണ്ഡലത്തിൽ വികസന പ്രതിസന്ധി വലിയ പ്രശ്നമാണ് -അദ്ദേഹം പറഞ്ഞു.
അതിനിടെ, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാലും ഇന്ന് ഉപവരണാധികാരിയുടെ ഓഫിസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കും. എല്‍.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് ഇന്നലെ പത്രിക നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.