ലോറികൾ പതിച്ചത് 30 അടി താഴ്ചയിലേക്ക്, മരിച്ചത് മൂന്നുപേർ: രണ്ടാഴ്ചക്കിടെ വട്ടപ്പാറയിലുണ്ടായത് മൂന്ന് വാഹനാപകടങ്ങൾ
text_fieldsവളാഞ്ചേരി: രണ്ടാഴ്ചക്കുള്ളിൽ വട്ടപ്പാറയിലുണ്ടായ മൂന്ന് വാഹനാപകടങ്ങളിൽ മരിച്ചത് മൂന്നുപേർ. പരിക്കേറ്റവരുടെ എണ്ണം 13. കമ്പികളുമായി ഗോവയിൽനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലോറി മറിഞ്ഞ് രണ്ടുപേരും ജനുവരി 23 പുലർച്ചയുണ്ടായ അപകടത്തിൽ പഞ്ചസാരയും പോവുകയായിരുന്ന ലോറി മറിഞ്ഞ് കർണാടക സ്വദേശിയും മരിച്ചിരുന്നു.
പ്രധാന വളവിലെ സുരക്ഷ ഭിത്തിമറിക്കടന്ന് 30 അടി താഴ്ചയിലേക്ക് ഇരുലോറികളും പതിച്ചത്. വ്യാഴാഴ്ച രാത്രി 8.30നുണ്ടായ അപകടത്തിൽ 13 പേർക്ക് പരിക്കേറ്റിരുന്നു. വട്ടപ്പാറ ഇറക്കത്തിൽ കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഇവർക്ക് പരിക്കേറ്റത്. അപകടങ്ങൾ തുടർക്കഥയാകുമ്പോഴും വട്ടപ്പാറയിലെ അപകട നിവാരണ പദ്ധതികൾ കടലാസിൽ ഒതുങ്ങുന്നതായി ആക്ഷേപം.
സ്ഥലം ഏറ്റെടുത്ത് റോഡിെൻറ വീതി കൂട്ടൽ, ഡിവൈഡർ നിർമാണം എസ്.എൻ.ഡി.പി ഓഫിസിന് സമീപം വരെ ദീർഘിപ്പിക്കൽ, കേടുവന്ന ലൈറ്റുകൾ മാറ്റിസ്ഥാപിക്കൽ, സുരക്ഷ ഭിത്തി ശക്തിപ്പെടുത്തൽ, തുടങ്ങിയ വിവിധ പദ്ധതികളാണ് പൂർത്തികരിക്കാതെ നിൽക്കുന്നത്. അപകട മുന്നറിയിപ്പ് നൽകുന്നതിനായി വട്ടപ്പാറ ഇറക്കത്തിൽ ഫ്ലാഷർ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിൽ പലതും കണ്ണടച്ചിട്ട് മാസങ്ങളായി. കേടുവന്ന ലൈറ്റുകൾ മാറ്റിസ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
അപകടം തുടർക്കഥ; തകർന്ന സുരക്ഷാഭിത്തി സുരക്ഷിതമാക്കിയില്ല
വളാാഞ്ചേരി: ദേശീയപാത 66 വട്ടപ്പാറയിൽ അപകടങ്ങൾ തുടർക്കഥയാവുമ്പോഴും വാഹനങ്ങൾ ഇടിച്ചുതകർന്ന സുരക്ഷാഭിത്തിയുടെ ഭാഗം പുനർനിർമാണം വൈകുന്നു. വട്ടപ്പാറ ഇറക്കത്തിൽ കൊടുംവളവിനോട് ചേർന്ന് പുനർനിർമിച്ച സുരക്ഷാഭിത്തിയാണ് നിയന്ത്രണംവിട്ട് വരുന്ന ലോറികൾ ഇടിച്ച് വീണ്ടും തകർന്നത്. വാഹനങ്ങൾ മുഖ്യവളവിലെ 30 അടി താഴ്ചയിലേക്ക് മറിയുന്നത് ഒഴിവാക്കാനാണ് ഇവിടെ കരിങ്കല്ലിൽ സുരക്ഷാഭിത്തി നിർമിച്ചതെങ്കിലും രണ്ടാഴ്ചക്കുള്ളിൽ രണ്ട് ലോറികളാണ് താഴേക്ക് പതിച്ചത്. പാചകവാതകവുമായി പോവുന്ന ടാങ്കർ ലോറികൾ താഴ്ചയിലേക്ക് മറിഞ്ഞ് വാതകച്ചോർച്ച ഉൾപ്പെടെ സംഭവിക്കാറുണ്ട്.
നേരത്തെ കരിങ്കല്ലുകൾ ഉപയോഗിച്ച് ഒന്നരമീറ്റർ വീതിയിൽ ഭിത്തി പുനർനിർമിച്ചിരുന്നു. പിന്നീട് ഭിത്തിയുടെ സുരക്ഷ കൂട്ടുന്നതിെൻറ ഭാഗമായി റോഡിനോട് ചേർന്ന തറനിരപ്പ് മുതൽ ഭിത്തിയുടെ മുകൾഭാഗംവരെ കമ്പികൾ പാകി കോൺക്രീറ്റ് ചെയ്യുകയും ഭിത്തിയുടെ മുകളിൽ പെയിൻറടിച്ച് ചിഹ്നങ്ങളും ബോർഡുകളും സ്ഥാപിക്കുകയും ചെയ്തിതിരുന്നു. റോഡ് സുരക്ഷാ അതോറിറ്റി 25 ലക്ഷത്തോളം രൂപയാണ് ഇതിനായി ചെലവഴിച്ചത്. രണ്ട് വർഷം മുമ്പ് പുനർനിർമിച്ച ഭിത്തിയുടെ ഒരുഭാഗമാണ് വലിയ ലോറികൾ ഇടിച്ച് തകർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.