ലോറി വാടക ഉയർത്തുന്നത് വൻ വിലക്കയറ്റത്തിന് വഴിയൊരുക്കുമെന്ന് ആശങ്ക
text_fieldsകോട്ടയം: ഇൻഷുറൻസ് പ്രീമിയം വർധന മറികടക്കാൻ ലോറി വാടക ഉയർത്താനുള്ള ഉടമകളുടെ തീരുമാനം സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലവർധനക്ക്് വഴിയൊരുക്കുമെന്ന് ആശങ്ക. ലോറി സമരം ആരംഭിച്ച് രണ്ടാം ദിവസം മുതൽ സംസ്ഥാനത്ത് പഴവർഗങ്ങൾക്കും പച്ചക്കറിക്കും-പലവ്യഞ്ജനങ്ങൾക്കും 40-50 ശതമാനം വരെ വില ഉയർന്നിരുന്നു. കെട്ടിട നിർമാണ സാമഗ്രികൾക്കും അസംസ്കൃത വസ്തുക്കൾക്കും 20 ശതമാനം വരെ വില വർധിച്ചു.
അവശ്യസാധന വിലവർധനയുടെ പേരിൽ ഹോട്ടലുകളിൽ ഇപ്പോൾതന്നെ വിലവർധിച്ചു കഴിഞ്ഞു. ഇതിനിടെയാണ് ലോറി വാടക വർധിപ്പിക്കാൻ തീരുമാനിച്ച് ഒരുവിഭാഗം ലോറി ഉടമകൾ സമരത്തിൽനിന്ന് പിന്മാറിയത്. ഇൗ തീരുമാനം അവശ്യസാധനങ്ങളുടെ വിലയിൽ വൻ വർധനക്ക് ഇടയാക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. ഇൻഷുറൻസ് പ്രീമിയം വർധനക്ക് ആനുപാതികമായി ലോറി വാടക വർധിപ്പിച്ചാൽ പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും 50 ശതമാനം വരെ വില ഉയർത്തേണ്ടി വരുമെന്ന് കച്ചവടക്കാർ പറയുന്നു.
ഇപ്പോൾ പയർ-കിഴങ്ങ്-അരി എന്നിവക്കും മുളക്-വെണ്ടക്ക-കാരറ്റ്-ബീറ്റ്റൂട്ട്-ബീൻസ് അടക്കം പച്ചക്കറികൾക്കും 60-70 രൂപക്ക് മുകളിലാണ് വില. ഇത് കുതിച്ചുയരുമെന്ന മുന്നറിയിപ്പും കച്ചവടക്കാർ നൽകുന്നുണ്ട്. ഇൻഷുറൻസ് പ്രീമിയം വർധനയെത്തുടർന്ന് കേരളത്തിലേക്കുള്ള അവശ്യസാധനങ്ങളുെട വരവ് പൂർണമായും നിലച്ചതോടെ ക്ഷാമവും രൂക്ഷമായിരുന്നു. എന്തിനും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിനാവും ലോറി വാടക വർധന തിരിച്ചടിയാവുക.
കുടുംബ ബജറ്റ്പോലും താളംതെറ്റിക്കുന്ന അവസ്ഥയിൽ വീണ്ടും വില ഉയരുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. ഇതര സംസ്ഥാനങ്ങളിൽനിന്ന് ദിനേന ആയിരത്തിഅഞ്ഞൂറിലധികം ലോറികളാണ് കേരളത്തിൽ എത്തുന്നത്. പച്ചക്കറിയുമായി മാത്രം 800 ലോറികൾ എത്തുന്നുണ്ട്. ഡീസൽ വില വർധനയുടെ പേരിൽ േലാറി വാടക നേരേത്ത ഗണ്യമായി വർധിപ്പിച്ചിരുന്നു. ഇതിെൻറ ഭാരവും സാധാരണക്കാർ അനുഭവിക്കുകയാണ്.
സംസ്ഥാനത്ത് വിലവർധന നേരിടാൻ നിലവിൽ ഫലപ്രദമായ സംവിധാനങ്ങളില്ല. പൊതുവിപണിയിൽ ഇടപെടുന്നതിൽ സർക്കാർ ഏജൻസികൾ പരാജയപ്പെടുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇതിന് കാരണമാണ്. സർക്കാർ ഏജൻസികളും സാമ്പത്തിക ഞെരുക്കത്തിലാണ്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സപ്ലൈകോ നിലവിൽ പൊതുവിപണിയിൽ ഇടപെടുന്നില്ല. കോടികളുെട ബാധ്യതയിലാണ് സപ്ലൈകോയും കൺസ്യൂമർഫെഡും. വിലവർധന മുന്നിൽകണ്ടുള്ള ബൾക്ക് പർച്ചേസും നടക്കുന്നില്ല. ഇതര സംസ്ഥാനങ്ങളിൽ കടുത്ത വരൾച്ചയിൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങിയത് പ്രതിസന്ധിരൂക്ഷമാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.