കെ.എസ്.ഇ.ബിയുടെ കവചിത ലൈനുകൾ പുറത്ത് കേന്ദ്രപദ്ധതിയിൽ കോടികളുടെ നഷ്ടം
text_fieldsപാലക്കാട്: വൈദ്യുതി സുരക്ഷക്കായി വിജയകരമായി പരീക്ഷിച്ച കെ.എസ്.ഇ.ബിയുടെ കവചിത ലൈനുകളെ (കവേർഡ് കണ്ടക്ടർ) അവഗണിച്ച് കേന്ദ്രപദ്ധതിയിൽ സ്വകാര്യ കമ്പനികൾക്ക് ടെൻഡർ നൽകിയത് അഞ്ചിരട്ടി തുകക്ക്. പൊതുമേഖല സ്ഥാപനമായ ട്രാക്കോ കേബ്ൾ കമ്പനിയുമായി സഹകരിച്ച് പാലക്കാട്ടെ കെ.എസ്.ഇ.ബി അധികൃതർ വികസിപ്പിച്ച ‘ട്രാക്കോ സി.സി.എക്സ്’ കവചിത ലൈനുകൾക്ക് മീറ്ററിന് 120 രൂപയേ ഉള്ളൂ. എന്നാൽ, കേന്ദ്രപദ്ധതിയായ റിവാമ്പ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്കീമിൽ (ആർ.ഡി.എസ്.എസ്) ലൈനുകൾക്ക് ടെൻഡർ നൽകിയത് മീറ്ററിന് 500 രൂപക്ക് മുകളിലാണ്. തദ്ദേശീയമായി വികസിപ്പിച്ച കവചിത ലൈനുകളെ അവഗണിച്ച് ടെൻഡർ നൽകിയത് വഴി ഘട്ടംഘട്ടമായി നടപ്പാക്കുന്ന പദ്ധതിയിൽ കോടികളുടെ നഷ്ടമാണുണ്ടാകുന്നത്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ ആഞ്ഞടിച്ച കാറ്റിൽ മരംവീഴ്ചയെത്തുടർന്ന് കുറച്ചെങ്കിലും ആപത്തൊഴിവാക്കിയത് തദ്ദേശീയ കവചിത ലൈനുകളായിരുന്നു. ജില്ലയിൽ 150 കിലോമീറ്ററെങ്കിലും കവചിത ലൈനുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. ജില്ലയിലെ തോട്ടംമേഖലകളിലടക്കം കവചിത ലൈനുകളിട്ട മേഖലകളിൽനിന്ന് കഴിഞ്ഞ രണ്ടു വർഷത്തിനിടെ കാര്യമായ സുരക്ഷാവീഴ്ച റിപ്പോർട്ട് ചെയ്തിട്ടില്ല.
വൈദ്യുതി അപകടങ്ങൾ കുറക്കാനുള്ള ഭൂഗർഭ കേബ്ൾ, എ.ബി.സി കേബ്ൾ എന്നിവയെ അപേക്ഷിച്ച് ചെലവുകുറഞ്ഞ സംവിധാനമാണ് കവചിത ലൈനുകൾ. സാധാരണ അലുമിനിയം കമ്പിക്കു മുകളിൽ ക്രോസ് ലിങ്ക്ഡ് പോളി എത്ലീൻ (എക്സ്.എൽ.ഇ.പി) പൊതിയുന്ന രീതി പരീക്ഷിച്ചുതുടങ്ങിയത് 2018ലായിരുന്നു. സംസ്ഥാനത്തെ ഉയർന്ന ചൂടിലും മഴയത്തും ഉപയോഗിക്കാൻ കഴിയുംവിധമാണ് ഇതിന്റെ രൂപകൽപന. മരച്ചില്ലകൾ വീണുള്ള വൈദ്യുതിത്തടസ്സം പരമാവധി കുറക്കാനാവുമെന്നതാണ് ഇതിന്റെ മെച്ചം. ജീവനക്കാർക്കും പൊതുജനങ്ങൾക്കും പുറമേ പക്ഷികൾക്കും മൃഗങ്ങൾക്കും സുരക്ഷ നൽകാൻ ഇതിലൂടെ കഴിയും. മാത്രമല്ല, കാറ്റടിച്ചാൽ വൈദ്യുതി മുടങ്ങുന്നുവെന്ന പരാതിയും പദ്ധതി സംസ്ഥാനം മുഴുവൻ വ്യാപിപ്പിച്ചാൽ ഉണ്ടാവില്ല.
കേന്ദ്രപദ്ധതിയിൽ അവസരം നഷ്ടമായെങ്കിലും സംസ്ഥാനത്തെ ലക്ഷക്കണക്കിന് മീറ്ററുകളുള്ള വൈദ്യുതി കമ്പികളെ കവചിത ലൈനുകളാക്കാനുള്ള പ്രവർത്തനങ്ങൾ കെ.എസ്.ഇ.ബി, സുരക്ഷയെ മുൻനിർത്തി സജീവമാക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, എച്ച്.ടി വൈദ്യുതി ലൈനുകളിൽ കവചിത ലൈനുകളുടെ പ്രവർത്തനം അത്ര ഗുണകരമായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.