ബസിൽ കൊടുത്ത സ്വർണനാണയം 5 മാസത്തിനുശേഷം തിരികെ കിട്ടി! ഷഹ്ദാദിന്റെ നന്മമനസ്സിന് നന്ദി പറഞ്ഞ് രാജീവൻ
text_fieldsകുറ്റ്യാടി: അഞ്ചുരൂപയുടെ നാണയമെന്ന് കരുതി ടിക്കറ്റെടുക്കാൻ ബസിൽ കൊടുത്ത സ്വർണനാണയം അഞ്ചു മാസങ്ങൾക്കുശേഷം ഉടമക്ക് തിരികെ കിട്ടി. കാവിലുമ്പാറ ആക്കൽ മുണ്ടിയോട്ട് തെങ്ങുംതറോൽ രാജീവനാണ് കുറ്റ്യാടി-തൊട്ടിൽപാലം യാത്രക്കിടയിൽ നഷ്ടമായ ഒരുപവൻ സ്വർണനാണയം തിരികെ ലഭിച്ചത്. ഇതേ ബസിൽ യാത്ര ചെയ്ത ഷഹ്ദാദ് എന്ന വിദ്യാർഥിയാണ് നന്മയുടെ തിളക്കവുമായി നാണയം തിരികെയെത്തിച്ചത്.
കഴിഞ്ഞ ജൂൺ 19നാണ് രാജീവന് സ്വർണം നഷ്ടമായത്. മകളുടെ പഠനച്ചെലവിനായി കുറ്റ്യാടിയിൽ വിൽക്കാൻ കൊണ്ടുവന്നതായിരുന്നു സ്വർണനാണയം. എന്നാൽ, വിൽക്കാതെ ഉച്ചക്കുശേഷം കോഴിക്കോട്-കുറ്റ്യാടി-തൊട്ടിൽപാലം റൂട്ടിലോടുന്ന കെ.സി.ആർ ബസിൽ വീട്ടിലേക്ക് തിരിച്ചു. 13 രൂപ ടിക്കറ്റ് ചാർജായി അഞ്ച്, രണ്ട്, ഒന്ന് രൂപ നാണയത്തിനൊപ്പം സ്വർണനാണയവും കണ്ടക്ടർക്ക് നൽകുകയായിരുന്നു.
ബസിറങ്ങിയപ്പോഴാണ് സ്വർണനാണയം നഷ്ടപ്പെട്ട വിവരം മനസ്സിലായത്. ഉടൻ തൊട്ടിൽപാലം സ്റ്റാൻഡിലെത്തിയെങ്കിലും ബസ് പോയിരുന്നു. കണ്ടക്ടറുടെ നമ്പർ സംഘടിപ്പിച്ച് വിളിച്ചപ്പോൾ ആ നാണയം മറ്റാർക്കോ ബാക്കി കൊടുത്തെന്നു പറഞ്ഞു. രാജീവന്റെ പരാതി പ്രകാരം കുറ്റ്യാടി പൊലീസ് കേസെടുത്തിരുന്നു. പിന്നീട് കേസ് തൊട്ടിൽപാലം പൊലീസിന് കൈമാറുകയുമുണ്ടായി. ഈ സംഭവം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
അതേബസ്സിൽ കുറ്റ്യാടിയിൽനിന്ന് വളയത്തേക്ക് യാത്രചെയ്ത നാദാപുരം ഇയ്യങ്കോട് പരവൻകുന്ന് ഷഹ്ദാദ് കണ്ടക്ടർ ബാക്കിയായി തന്നത് സ്വർണ നാണയമാണെന്നറിയാതെ വീട്ടിലെ സമ്പാദ്യപ്പെട്ടിയിൽ നിക്ഷേപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പെട്ടി തുറന്നപ്പോഴാണ് തനിക്ക് കിട്ടിയത് സ്വർണനാണയമാണെന്ന് തിരിച്ചറിഞ്ഞത്.
പത്രവാർത്ത ഓർമവന്ന കോഴിക്കോട്ട് ഏവിയേഷൻ എൻജിനീയറിങ് കോഴ്സിന് പഠിക്കുന്ന ഷഹ്ദാദ്, പിതാവിനെയും കൂട്ടി കുറ്റ്യാടി സി.ഐയെ കണ്ട് വിവരം പറഞ്ഞു. തൊട്ടിൽപാലം സ്റ്റേഷനിലെത്തിയ ഷഹ്ദാദ് സ്വർണനാണയം ഉടമക്ക് കൈമാറി. എസ്.ഐമാരായ പ്രകാശൻ, അജിത്കുമാർ എന്നിവർ സംബന്ധിച്ചു. സ്വർണം തിരിച്ചുകിട്ടുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ലെന്ന് രാജീവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.