ലോട്ടറി ഏജന്‍റിന് ‘ലോട്ടറിയടിച്ചു’; 14 കോടിയുടെ നികുതി ബില്‍
text_fields
ന്യൂഡല്‍ഹി: ലോട്ടറി ഏജന്‍റായ കണ്ണൂര്‍ പരിയാരം എമ്പത്തേ് കണ്ണന് നികുതി വകുപ്പിന്‍െറ ‘ലോട്ടറിയടിച്ചു’. 2011 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ലോട്ടറി വിറ്റ വകയില്‍ കണ്ണന്‍ അടക്കേണ്ടത് 13.96 കോടി രൂപ. ഈ കാലയളവില്‍ കണ്ണന് കമീഷനായി കിട്ടിയതാകട്ടെ, ചോദിച്ച നികുതിയുടെ ഇരുപതിലൊന്നുപോലുമില്ല.
കോഴിക്കോട്ടെ കേന്ദ്ര എക്സൈസ്, കസ്റ്റംസ്, സേവന നികുതി കമീഷണറുടെ ഓഫിസില്‍നിന്നാണ് ഇതിന്‍െറ നോട്ടീസ് കണ്ണന് കിട്ടിയത്. കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി സംസ്ഥാനത്തെ എം.പിമാരുടെ സംഘവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ കണ്ട് പറഞ്ഞ പരാതിയിലെ പ്രധാന വിഷയങ്ങളില്‍ ഒന്ന് കണ്ണന്‍െറ ദുരനുഭവമാണ്.
കണ്ണന്‍ മുഖേന മറ്റു വില്‍പനക്കാര്‍ കൈമാറിയ ടിക്കറ്റുകളുടെ കണക്കു കൂടി ഉള്‍പ്പെടുത്തി നികുതി തിട്ടപ്പെടുത്തുകയാണ് കണ്ണന്‍െറ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. പല ഏജന്‍റുമാര്‍ക്കും മുന്‍കാല സേവന നികുതിയുടെ പേരില്‍ കോടികള്‍ അടക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് കിട്ടുന്നതായി ലോട്ടറി ഏജന്‍റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.വി. ജയരാജന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
നോട്ട് നിരോധനം ലോട്ടറി വില്‍പന ഇടിച്ചു. പ്രതീക്ഷിച്ച വിറ്റുവരവില്ല. ഭിന്നശേഷിക്കാരും രോഗികളും വിധവകളും വൃദ്ധരും ഉള്‍പ്പെടെ പതിനായിരങ്ങള്‍ തൊഴിലും കൂലിയും നഷ്ടപ്പെട്ട് ദുരിതത്തിലാണ്. ഇതു കണക്കിലെടുത്ത് നോട്ട് അസാധുവാക്കിയ ശേഷമുള്ള രണ്ടുമാസത്തെ സേവന നികുതി ഒഴിവാക്കണമെന്ന് ധനമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ജി.എസ്.ടി നടപ്പാക്കുമ്പോള്‍ കേരള പേപ്പര്‍ ലോട്ടറി നികുതി നിയമം ഇല്ലാതാകും. അന്യസംസ്ഥാന ലോട്ടറി ചൂതാട്ടം കേരളത്തില്‍ നിര്‍ബാധം നടക്കുന്ന സാഹചര്യം വരും. മിസോറം പോലുള്ള സംസ്ഥാനങ്ങള്‍ കേരളത്തില്‍ ലോട്ടറി വില്‍ക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞതായി ജയരാജന്‍ പറഞ്ഞു. ഈ സാഹചര്യമൊഴിവാക്കാന്‍ നടപടി വേണമെന്നും ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.