വീട് വിറ്റ് കടംവീട്ടാൻ കൂപ്പണുമായി ഇറങ്ങിയ ദമ്പതികൾക്കെതിരെ നടപടിയുമായി ലോട്ടറി വകുപ്പ്
text_fieldsRepresentational Image
തിരുവനന്തപുരം: വീട് വിറ്റ് കടംവീട്ടാൻ സമ്മാനക്കൂപ്പൺ വിതരണവുമായി ഇറങ്ങിയ വട്ടിയൂർക്കാവിലെ ദമ്പതികൾക്കെതിരെ ലോട്ടറി വകുപ്പ് നടപടി ആരംഭിച്ചു. കൂപ്പണ്‍ വിൽപന നിയമവിരുദ്ധമാണെന്ന് വകുപ്പ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് പൊലീസിന് പരാതി നല്‍കാനും വകുപ്പ് നടപടി തുടങ്ങി. വ്യക്തികൾക്ക് പണം വാങ്ങി കൂപ്പണോ ലോട്ടറിയോ നടത്താനാകില്ലെന്നാണ് വ്യവസ്ഥ. അതാണ് ലംഘിക്കപ്പെട്ടതെന്ന് വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
ലോട്ടറി വകുപ്പ് നടപടി തുടങ്ങിയ സാഹചര്യത്തില്‍ വട്ടിയൂര്‍ക്കാവിലെ അയോജ്, അന്ന ദമ്പതികള്‍ കൂപ്പണ്‍ വിൽപന തൽക്കാലത്തേക്ക് നിർത്തിയിട്ടുണ്ട്. മൂന്ന് കിടപ്പുമുറികളുള്ള വീട് വിൽക്കാൻ 2000 രൂപയുടെ കൂപ്പണാണ് ഇവർ പുറത്തിറക്കിയത്. ബാധ്യത ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.
കൂപ്പൺ എടുക്കുന്നവരിൽ ഭാഗ്യശാലിക്ക് ഒക്ടോബർ 17ലെ നറുക്കെടുപ്പിലൂടെ വീട് സ്വന്തമാക്കാനാകുമെന്നായിരുന്നു പ്രഖ്യാപനം. വിദേശത്തെ ജോലി വിട്ട് നാട്ടിൽ മടങ്ങിയെത്തിയശേഷമാണ് ബാധ്യതകൾ തീർക്കാൻ ഇവര്‍ കൂപ്പണിറക്കിയത്.
ബാങ്ക് ലോണും കടവും വാങ്ങി മൂന്നുവർഷം മുമ്പാണ് 45 ലക്ഷം രൂപക്ക് ഇവർ വീട് വാങ്ങിയത്. കോവിഡ് എത്തിയതോടെ ഇവരുടെ പദ്ധതികൾ തകിടം മറിഞ്ഞു. വീട് വിൽക്കാൻ ശ്രമം നടത്തിയപ്പോൾ 55 ലക്ഷം രൂപക്ക് മുകളിൽ തുക നൽകാൻ ആരും തയാറല്ല.
ഇതോടെയാണ് 2000 രൂപയുടെ 3700 കൂപ്പൺ ഇറക്കാമെന്ന ആശയമുണ്ടായത്. 3500 എണ്ണം വിറ്റ് 70 ലക്ഷം രൂപയെങ്കിലും കിട്ടിയാൽ നറുക്കെടുപ്പ് എന്നതായിരുന്നു ഇവരുടെ ആശയം.
18 ലക്ഷം രൂപ സമ്മാന നികുതി നൽകണം. ബാധ്യത വീട്ടി കിട്ടുന്ന 20 ലക്ഷം രൂപകൊണ്ട് സ്വസ്ഥമായി ജീവിക്കാനാണ് സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായ അജോയുടെയും ഭാര്യയുടെയും ആഗ്രഹം. ഇതിനോടകം 100 കൂപ്പൺ വിറ്റുപോയി.
നറുക്കെടുപ്പ് നടക്കാതെ പോയാൽ ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്നും ഇവര്‍ അറിയിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.