ലോട്ടറി തട്ടിപ്പ്: സാന്‍റിയാഗോ മാര്‍ട്ടിെൻറ 19.59 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി
text_fieldsചെന്നൈ: ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിെൻറ 19.59 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. ലോട്ടറി അഴിമതിയുമായി ബന്ധപ്പെട്ടാണ് 19.59 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയത്. നേരത്തെ 258 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. ഇതോടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ 277.59 കോടിയായി. സാന്‍റിയാഗോ മാർട്ടിൻ, അദ്ദേഹത്തിെൻറ കമ്പനികളായ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവിസസ് പ്രൈവറ്റ് ലിമിറ്റഡ്, മാർട്ടിൻ ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഡെയ്‌സൺ ലാൻഡ് ആൻഡ് ഡെവലപ്‌മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയിൽനിന്നാണ് 19.59 കോടി രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്തത്.
പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും 1998ലെ ലോട്ടറി (റെഗുലേഷൻ) ആക്‌ട് പ്രകാരവും സി.ബി.ഐയുടെ കൊച്ചി ഓഫിസ് സമർപ്പിച്ച കുറ്റപത്രം പരിഗണിച്ചാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
എം.ജെ അസോസിയേറ്റ്‌സ്, സാന്‍റിയാഗോ മാർട്ടിൻ, എൻ. ജയമുരുകൻ എന്നിവർ ചേർന്ന് സിക്കിം സർക്കാറിന് ഏകദേശം 910.29 കോടി രൂപ നഷ്ടം വരുത്തിയതായി കണ്ടെത്തിയിരുന്നു. സാന്‍റിയാഗോ മാര്‍ട്ടിനും അദ്ദേഹത്തിെൻറ കമ്പനികളും മറ്റുള്ളവരും ലോട്ടറി ബിസിനസില്‍നിന്ന് സമ്പാദിച്ച തുക 40 കമ്പനികളിലായി വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിച്ചതായി ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുടുംബാംഗങ്ങളുടെയും മറ്റ് കൂട്ടാളികളുടെയും പേരിലാണ് തുക നിക്ഷേപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.