ലോട്ടറി തട്ടിപ്പ്: സാൻറിയാഗോ മാർട്ടിൻ എൻഫോഴ്സ്മെന്റ് മുമ്പാകെ ഹാജരാകണമെന്ന് കോടതി
text_fieldsകൊച്ചി: ഇതര സംസ്ഥാന ലോട്ടറി തട്ടിപ്പുകേസിൽ തുടരന്വേഷണത്തിന് എൻഫോഴ്സ്മെൻറ് മുമ്പാകെ ഹാജരാകാൻ സാൻറിയാഗോ മാർട്ടിന് നിർദേശം. ലോട്ടറി തട്ടിപ്പിൽ സി.ബി.െഎ രജിസ്റ്റർ ചെയ്ത കേസിന് അനുബന്ധമായി കള്ളപ്പണം തടയൽ നിയമപ്രകാരം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ സാൻറിയാഗോ മാർട്ടിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്. കേസിൽ സാൻറിയാഗോ മാർട്ടിൻ നേരത്തേ ജാമ്യത്തിലിറങ്ങിയിരുന്നു. എന്നാൽ, ഡിസംബർ 17ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ മുമ്പാകെ ഹാജരാവണമെന്ന് നിർദേശിച്ച് മാർട്ടിന് സമൻസ് അയച്ചിരുന്നു. എന്നാൽ, സമൻസ് കിട്ടിയത് ഡിസംബർ 21നാണെന്നാണ് വിശദീകരണം. തുടർന്ന്, അറസ്റ്റ് ഭയന്ന് മാർട്ടിൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു.
കേസിൽ തുടർ നടപടികൾ പുരോഗമിക്കുകയാണെന്നും മാർട്ടിൻ അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്നും മുൻകൂർ ജാമ്യാപക്ഷ എതിർത്ത് എൻഫോഴ്സ്മെൻറ് കോടതിയെ അറിയിച്ചിരുന്നു. ഒരിക്കൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് വ്യക്തമാക്കിയ കോടതി സമൻസ് ലഭിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും മാർട്ടിന് നിർദേശം നൽകി. അന്വേഷണത്തോട് സഹകരിക്കാൻ തയാറാണെന്ന് മാർട്ടിനുവേണ്ടി ഹാജരായ അഭിഭാഷകനും കോടതിയിൽ ഉറപ്പുനൽകിയതോടെയാണ് മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.