ലോട്ടറി തൊഴിലാളി ജീവനൊടുക്കിയ സംഭവം; അന്വേഷണം ലോൺ ആപ് തട്ടിപ്പ് സംഘത്തെ കേന്ദ്രീകരിച്ച്
text_fieldsകൽപറ്റ: ലോട്ടറി വിൽപനക്കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.ലോൺ ആപ് വായ്പ തട്ടിപ്പിനിരയായാണ് അരിമുള ചിറകോണത്ത് അജയരാജ് ശനിയാഴ്ച തൂങ്ങിമരിച്ചതെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. മരണത്തിന് പിന്നിൽ ലോൺ ആപ് സംഘത്തിന്റെ ഭീഷണിയാണെന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു. ലോൺ ആപ് സംഘത്തെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. സാമ്പത്തിക ഇടപാടുകൾ, മരണകാരണം, വായ്പാ സംഘത്തിന്റെ ഭീഷണി, മോർഫ് ചെയ്ത് അശ്ലീല ചിത്രം പ്രചരിപ്പിക്കൽ തുടങ്ങിയവ അന്വേഷണ പരിധിയിലുണ്ട്. മരിച്ച അജയരാജിന്റെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ അയച്ച സുഹൃത്തിന്റെയും ഫോൺ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. ഡൽഹി കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന സൂചനയാണ് പൊലീസിനുള്ളത്.
വൈഫൈ ഉപയോഗിച്ചുള്ള വിളികളും ചാറ്റിങ്ങും ആയതിനാൽ പ്രതികളെ കണ്ടെത്തുന്നതിന് കൂടുതൽ സമയമെടുക്കുമെന്നും അതിനായുള്ള അന്വേഷണത്തിലാണെന്നും മീനങ്ങാടി സി.ഐ ബിജു ആന്റണി ‘മാധ്യമ’ത്തോട് പറഞ്ഞു. ആപ് വഴി അജയരാജ് 5000 രൂപ കടമെടുത്തതായാണ് പറയുന്നത്. ആപ്പുമായി ബന്ധപ്പെട്ട ഫോൺ നമ്പർ ചാറ്റിന്റെ സ്ക്രീൻ ഷോട്ടിൽ കാണുന്നുമുണ്ട്. കഴിഞ്ഞ ദിവസം അജയരാജിന്റെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ലഭിച്ചതായി ബന്ധുക്കൾ പറഞ്ഞു. വായ്പ അടക്കാത്തത് സംബന്ധിച്ച് ഭീഷണി സന്ദേശങ്ങളും ലഭിച്ചിരുന്നു. ഹിന്ദിയിലാണ് സംസാരവും ചാറ്റിങ്ങുമെല്ലാം. അജയരാജ് മരിച്ച ദിവസവും സുഹൃത്തുക്കളുടെ വാട്സ് ആപ്പിലേക്ക് ആപ് തട്ടിപ്പുകാരുടെ സന്ദേശമെത്തി. അജയരാജ് ആത്മഹത്യ ചെയ്തുവെന്ന് സംഘത്തെ അറിയിച്ചപ്പോൾ പരിഹാസച്ചിരിയാണ് മറുപടി സന്ദേശമായി ലഭിച്ചതെന്നും സുഹൃത്തുകൾ പറയുന്നു. പണം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് അജയരാജിനെ ഭീഷണിപ്പെടുത്തിയതായും പറയുന്നുണ്ട്.
പണം തട്ടാൻ ശ്രമിച്ചതായി പരാതി
അരീക്കോട്: വ്യാജ വായ്പയുടെ പേരിൽ കുടുംബാംഗങ്ങളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായി പരാതി. കീഴുപറമ്പ് പഞ്ചായത്തിലെ കുടുംബത്തിനുനേരെയാണ് സൈബർ ആക്രമണം ഉണ്ടായത്. കഴിഞ്ഞദിവസമാണ് കുടുംബത്തിലെ ഒരംഗത്തെ ഇൻറർനെറ്റ് ഫോണിലൂടെ പ്രമുഖ ബാങ്കിന്റെ പേര് പറഞ്ഞു തട്ടിപ്പ് സംഘം സമീപിച്ചത്. ബൈക്കിന്റെ വായ്പയിൽ 350 രൂപ ബാക്കി അടക്കാനുണ്ടെന്നും എത്രയും വേഗം തിരിച്ചടക്കണമെന്നുമായിരുന്നു തട്ടിപ്പ് സംഘം ആവശ്യപ്പെട്ടത്. ഇത്തരത്തിൽ വായ്പ എടുത്തിട്ടില്ലെന്ന് യുവാവ് മറുപടി നൽകി. തുടർന്നും സംഘം യുവാവിനെ പിന്തുടർന്നെങ്കിലും തട്ടിപ്പ് മനസ്സിലാക്കിയ യുവാവ് ഇവരോട് സംസാരിക്കാൻ തയാറായില്ല. ഇതോടെയാണ് ആദ്യം യുവാവിന്റെ ചിത്രങ്ങളും തുടർന്ന് മാതാവ്, പിതാവ്, സഹോദരി ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളും മോർഫ് ചെയ്തു കുടുംബാംഗങ്ങൾക്ക് അയച്ചത്. തുക അടച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഏൽക്കേണ്ടി വരുമെന്ന് സംഘം ഭീഷണിപ്പെടുത്തി. ഇതോടെ കുടുംബം അരീക്കോട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.