ഭൂമിക്കടിയില്‍ നിന്ന് ഉഗ്രശബ്ദം: ആശങ്ക വേണ്ടെന്ന് ഉദ്യോഗസ്ഥര്‍
text_fieldsഎടക്കര (മലപ്പുറം): ഭൂമിക്കടിയില്‍ നിന്ന് തുടര്‍ച്ചയായി ഉഗ്രശബ്ദമുണ്ടായ പോത്തുകല്ല് ഉപ്പട ആനക്കല്ലില്‍ ജിയോളജി, ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ സന്ദർശനം നടത്തി. ജില്ല ജിയോളജിസ്റ്റ് റീന നാരായണന്, ദുരന്തനിവാരണ വിഭാഗം ഹസാഡ് അനലിസ്റ്റ് ടി.എസ്. ആദിത്യ, അസിസ്റ്റന്റ് ജിയോളജിസ്റ്റ് ഹജീഷ് തുടങ്ങിയവരാണ് പരിശോധന നടത്തിയത്. ആശങ്ക വേണ്ടെന്ന് സംഘം അറിയിച്ചു. ഉഗ്രശബ്ദമുണ്ടായ ഭാഗത്തെ വിള്ളലുണ്ടായ വീടുകള്‍, കുഴല്‍ കിണറുകള്‍, കിണറുകള്‍ എന്നിവ സംഘം പരിശോധിച്ചു. ഭൂജല വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. ബുധനാഴ്ചയും പത്തിലേറെ തവണ ചെറിയ മുഴക്കങ്ങള്‍ ഈ ഭാഗത്തുണ്ടായി. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് വന്‍ ശബ്ദത്തോടെ ആദ്യം മുഴക്കമുണ്ടായത്. ഇതിനുശേഷം പത്തേ മുക്കാലോടെ വീണ്ടും അതിശക്തമായ സ്ഫോടന ശബ്ദമുണ്ടാകുകയും വീടുകള്‍ പ്രകമ്പനം കൊള്ളുകയും ചെയ്തു.
മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കെട്ടിടങ്ങള്‍ക്ക് വരെ പ്രകമ്പനമുണ്ടായി. ചില വീടുകള്‍ക്കുള്ളില്‍ നേരിയ വിള്ളല്‍ രൂപപ്പെട്ടു. പ്രദേശത്തെ കുഴല്‍ക്കിണറുകളിലെ വെള്ളം കലങ്ങിയതായും സംഘം കണ്ടെത്തി. കുഴല്‍ കിണറുകള്‍ കൂടുതലായി നിര്‍മിച്ച പ്രദേശമാണ് ആനക്കല്ല്. ഇക്കാരണത്താല്‍ വിള്ളല്‍ വീണ ഭൂമിക്കടിയിലെ പാറകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്ന ശബ്ദമാണ് സ്ഫോടനശബ്ദമായി പുറത്തുവരുന്നതെന്നാണ് ജിയോളജി വിഭാഗത്തിന്റെ നിഗമനം.
കൂടുതല്‍ പഠനം ആവശ്യമാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുമ്പ് മൂന്ന് തവണ ഈ മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് വന്‍ ശബ്ദമുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം 18, 19 തീയതികളില്‍ ഭൂമിക്കടിയില്‍ നിന്ന് ശബ്ദമുണ്ടായത് സംബന്ധിച്ച് ജിയോളജി വിഭാഗം പരിശോധന നടത്തിയിരുന്നു.
എന്നാല്‍, തുടർച്ചയായി ശബ്ദമുണ്ടാകുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.