ലവ് ജിഹാദ് പരാമര്‍ശത്തിൽ പി.സി. ജോര്‍ജിനെതിരെ നടപടി വേണം; മുഖ്യമന്ത്രിക്ക് നേരിട്ട് കത്ത് നല്‍കി യൂത്ത് ലീഗ്
text_fieldsതിരുവനന്തപുരം: ലവ് ജിഹാദ് പരാമര്‍ശത്തിൽ ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി യൂത്ത് ലീഗ്. നിയമസഭയിൽ എത്തിയാണ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നേരിട്ട് കത്ത് നൽകിയത്. പി.സി. ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും തീവ്ര ക്രിസ്ത്യൻ വർഗീയ സംഘടനയായ 'കാസ'ക്കെതിരെ നടപടി വേണമെന്നും യൂത്ത് ലീഗ് കത്തിൽ ആവശ്യപ്പെട്ടു.
പി.സി. ജോർജിനെതിരായ പരാതിയിൽ ഈരാറ്റുപേട്ട പൊലീസ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് യൂത്ത് ലീഗ് നടപടി. ജോർജിന്‍റെ വിവാദ പരാമർശത്തിൽ പൊലീസ് ഇടപെടുന്നില്ല. അതിനാൽ, മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.
കാസക്കും നേതാവ് കെവിൻ പീറ്ററിനും എതിരെ അന്വേഷണം നടത്തണം. മുമ്പ് കാസക്കെതിരെ ഈരാറ്റുപേട്ട പൊലീസിൽ പരാതി നൽകിയിന്നു. വിവാദ പരാമർശങ്ങൾ ആവർത്തിക്കില്ലെന്ന് കാസ നേതൃത്വം അന്ന് ഉറപ്പുനൽകിയതാണ്. എന്നാൽ, വിവാദ പരാമർശം കാസ നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയ യൂത്ത് ലീഗ് പരാമർശത്തിന്‍റെ സ്ക്രീൻഷോട്ടുകളും പരാതിക്കൊപ്പം മുഖ്യമന്ത്രിക്ക് കൈമാറി. അതേസമയം, വിഷയത്തിൽ കൃത്യമായ ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി യൂത്ത് ലീഗ് നേതാക്കളെ അറിയിച്ചു.
ലഹരി ഭീകരതക്കെതിരെ പാലാ ബിഷപ്പ് പാലായില്‍ വിളിച്ച സമ്മേളനത്തിലായിരുന്നു ജോര്‍ജിന്‍റെ വിവാദ പ്രസ്താവന. നിരവധി പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. മീനച്ചില്‍ താലൂക്കില്‍ മാത്രം ലവ് ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെയാണെന്നായിരുന്നു ജോര്‍ജിന്‍റെ വിവാദ പ്രസ്താവന. അതില്‍ 41 പെണ്‍കുട്ടികളെ തിരിച്ചുകിട്ടിയെന്നും ജോര്‍ജ് പറഞ്ഞു.
‘25 വയസ്സാകുമ്പോൾ എനിക്കും പെണ്ണുങ്ങളെ കാണുമ്പോൾ സന്തോഷം തോന്നും. പെൺകൊച്ചിന് ആണുങ്ങളെ കാണുമ്പോഴും സന്തോഷം തോന്നും. ക്രിസ്ത്യാനികൾ 24 വയസ്സിനകം പെൺകുട്ടികളെ കല്യാണം കഴിപ്പിക്കണം.
എന്തിനാണ് ക്രിസ്ത്യാനികൾ 25ഉം 30ഉം വയസ്സുവരെ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാതെ വീട്ടിൽ നിർത്തിയിരിക്കുന്നത്. ഇന്നലെയും ഒരു 25 വയസ്സുകാരി പോയിട്ടുണ്ട്, അവളെ തപ്പുകയാണ്. എനിക്ക് ക്രിസ്ത്യൻ സഹോദരങ്ങളോടുള്ള അഭ്യർഥന, 24 വയസ്സിന് മുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കണം. അതിനുശേഷം അവർ പഠിക്കുകയോ എന്തുവേണമെങ്കിലും ചെയ്യട്ടെ.’ -ജോർജ് പാലായിൽ പറഞ്ഞു.
ചാനൽ ചർച്ചയിൽ പങ്കെടുക്കവെ, മുസ് ലിം സമൂഹത്തെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ ജോർജിന് ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യം കിട്ടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.