ഈഴവ സമുദായം 33ൽനിന്ന് 28 ശതമാനമായി കുറഞ്ഞതിന് പ്രധാന കാരണം ലവ് ജിഹാദും മതപരിവർത്തനവും -വെള്ളാപ്പള്ളി
text_fieldsതൃശൂർ: മതാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നവരാണ് മതനിരപേക്ഷത പറയുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിംലീഗും കേരള കോൺഗ്രസുമെല്ലാം മതേതരത്വം പറയുന്നുണ്ട്. എന്നാൽ, ഇവരിൽ ഉള്ളവർ ആരൊക്കെയെന്ന് ചിന്തിക്കണമെന്നും എസ്.എൻ.ഡി.പി യോഗം തൃശൂർ യൂനിയൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യവെ വെള്ളാപ്പള്ളി പറഞ്ഞു.
ന്യൂനപക്ഷമെന്ന പേരിൽ ചിലർ എല്ലാം കവർന്നെടുക്കുകയാണ്. വോട്ടിനുവേണ്ടി രാഷ്ട്രീയ പാർട്ടികൾ അടവുനയം പയറ്റുന്നു. ഈഴവ സമുദായം 33 ശതമാനത്തിൽനിന്ന് 28 ശതമാനമായി കുറഞ്ഞു. ഇതിന് പ്രധാന കാരണം മതപരിവർത്തനവും ലവ് ജിഹാദുമാണ്. പല സ്ഥലങ്ങളിലും കൂട്ടത്തോടെയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. ജാതി എന്നത് സത്യമാണ്.
ഈഴവർ ജാതി പറയുന്നത് മാത്രമാണ് കുഴപ്പം. സാമൂഹികനീതി ലഭിക്കാൻ വേണ്ടിയാണ് ജാതി പറയുന്നതെന്ന് മനസ്സിലാക്കണം. 6000 രൂപയിൽ നിന്ന് എസ്.എൻ.ഡി.പി യോഗം ഇന്ന് വലിയ സാമ്പത്തിക ശക്തിയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടത് യോഗത്തിനെതിരെ പ്രവർത്തിക്കുന്നവർക്കുള്ള താക്കീതാണ്. എല്ലാ കാര്യങ്ങളും സസൂക്ഷ്മം പഠിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, അത് പുറത്ത് പ്രകടിപ്പിക്കുന്നത് അപൂർവമായാണ്.
എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. യോഗം പ്രസിഡൻറ് എം.എൻ. സോമൻ മുഖ്യപ്രഭാഷണം നടത്തി. ഭദ്രദീപം തെളിയിക്കൽ യൂനിയൻ പ്രസിഡൻറ് ഐ.ജി. പ്രസന്നൻ നിർവഹിച്ചു. യോഗം കൗൺസിലർമാരായ പി.കെ. പ്രസന്നൻ, ബേബിറാം, വനിതസംഘം കേന്ദ്രസമിതി സെക്രട്ടറി സംഘാത വിശ്വനാഥ് എന്നിവർ സംസാരിച്ചു. യോഗം ഡയറക്ടർ എൻ.വി. രഞ്ജിത്ത് സ്വാഗതവും വൈസ് പ്രസിഡൻറ് ടി.ആർ. രഞ്ജു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.