പ്രചാരണം മിശ്രവിവാഹങ്ങൾ ഇല്ലാതാക്കാൻ -യെച്ചൂരി
text_fieldsന്യൂഡൽഹി: കോഴിക്കോട് കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവിന്റെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് ജോർജ് എം. തോമസ് നടത്തിയ ലവ് ജിഹാദ് പരാമര്‍ശത്തെ തള്ളിപ്പറഞ്ഞ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭിന്നവിശ്വാസങ്ങളിലും മതങ്ങളിലും പെട്ടവര്‍ മിശ്രവിവാഹം നടത്തുന്നതിന് നിരോധനമുള്ള രാജ്യമല്ല ഇന്ത്യയെന്നും എന്താണ് ലവ് ജിഹാദ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഒരു വ്യക്തിക്ക് ജാതിക്കും മതത്തിനും അതീതമായി ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ ഭരണഘടനാപരമായി അവകാശമുണ്ട്. ആ അധികാരത്തെ ആർക്കും ചോദ്യം ചെയ്യാനാവില്ല. മിശ്ര വിവാഹങ്ങൾ ഇല്ലാതാക്കാനാണ് ലവ് ജിഹാദ് പ്രചാരണം. ജോർജ് എം. തോമസിന്റെ പരാമർശം സംസ്ഥാന ഘടകം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങളും പുതുക്കിയ കേന്ദ്ര കമ്മിറ്റിയെക്കുറിച്ചും വിശദീകരിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.
ഉത്തരേന്ത്യയിൽ പലയിടത്തും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ തീവ്ര ഹിന്ദുത്വ നേതാക്കള്‍ കൂട്ടക്കൊലയ്ക്കും കൂട്ടമാനഭംഗത്തിനും വരെ ആഹ്വാനം ചെയ്തിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പല കാര്യങ്ങളിലും വിട്ടുവീഴ്ചകള്‍ ചെയ്തും ഒത്തുതീര്‍പ്പിലൂടെയും മൃദു സമീപനങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്.
സി.പി.എമ്മിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത നിലപാടുകളാണിത്. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ അല്ലാതെ രാഷ്ട്രീയ സഖ്യങ്ങളുണ്ടാക്കുന്ന പതിവ് സി.പി.എമ്മിനില്ല. തെരഞ്ഞെടുപ്പു കാലങ്ങളില്‍ അതാതു സമയത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയും ചര്‍ച്ച ചെയ്തുമാണ് സഖ്യ കാര്യത്തില്‍ തീരുമാനം എടുക്കുന്നത്. ഇക്കാര്യത്തില്‍ മതേതര, ജനാധിപത്യ നിലപാട് മുന്‍നിര്‍ത്തി മാത്രമായിരിക്കും പാര്‍ട്ടി തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.