കോടഞ്ചേരിയിലെ മിശ്രവിവാഹ വിവാദം; ജോർജ് എം. തോമസിന് പരസ്യശാസന
text_fieldsകോഴിക്കോട്: കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ തിരുവമ്പാടി എം.എൽ.എയുമായ ജോർജ് എം. തോമസിന് പാർട്ടിയുടെ പരസ്യശാസന. ബുധനാഴ്ച ചേർന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടി. തെറ്റു സംഭവിച്ചതായി ജോർജ് എം. തോമസ് ഏറ്റുപറയുകയും മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും ചെയ്തെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പരിഗണിച്ച് പരസ്യമായി ശാസിക്കാൻ തീരുമാനിച്ചതായി സി.പി.എം ജില്ല കമ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു.
പ്രണയ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിവാദമാക്കേണ്ടതില്ലെന്നും പ്രസ്‌താവനയിൽ പറഞ്ഞു. പ്രായപൂർത്തിയായ യുവതീയുവാക്കൾ വ്യത്യസ്ത മതവിഭാഗത്തിൽപെട്ടവരായാൽപോലും വിവാഹിതരാകാനും ഒരുമിച്ച് ജീവിക്കാനുമുള്ള അവകാശം രാജ്യത്തുണ്ട്. ഈ സാഹചര്യത്തിൽ വിവാഹം വിവാദമാക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ജില്ല സെക്രേട്ടറിയറ്റ് അംഗം ജോർജ് എം. തോമസിനോട് മാധ്യമപ്രവർത്തകർ അഭിപ്രായം ചോദിച്ചപ്പോൾ നടത്തിയ പരാമർശങ്ങൾ പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായിരുന്നു. ഇത് ആ ഘട്ടത്തിൽ തന്നെ പാർട്ടി തള്ളിക്കളഞ്ഞിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഗുരുതര അച്ചടക്കലംഘനമുണ്ടായെന്നും കടുത്ത നടപടി വേണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നതായാണ് വിവരം. പാർട്ടിയുടെ പൊതുസമീപനത്തിൽനിന്ന് വിരുദ്ധമായ നിലപാടാണ് ജോർജ് എം. തോമസ് പരസ്യമായി പറഞ്ഞത്. ഉത്തരവാദപ്പെട്ടവർ പാർട്ടി നിലപാട് ഉയർത്തിപ്പിടിച്ചാകണം കാര്യങ്ങൾ പറയേണ്ടതെന്നും അഭിപ്രായമുയർന്നു. വീഴ്ചഗൗരവമായി പരിശോധിച്ചതിെൻറ അടിസ്ഥാനത്തിലാണ് പരസ്യശാസന. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് അടിയന്തരമായി ജില്ല സെക്രട്ടേറിയറ്റ്, ജില്ല കമ്മിറ്റി യോഗങ്ങൾ വിളിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും വിഷയം ചർച്ചചെയ്തിരുന്നു. ജോർജ് എം. തോമസിന്‍റേത് പാർട്ടി വിരുദ്ധനിലപാടാെണന്നും ജില്ല സെക്രട്ടേറിയറ്റ് തുടർനടപടി കൈക്കൊള്ളുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതംമാറ്റി വിവാഹം ചെയ്യാന്‍ നീക്കംനടക്കുന്നതായി പാര്‍ട്ടി രേഖകളിലുണ്ടെന്നായിരുന്നു ജോര്‍ജ് എം. തോമസിെൻറ പരാമര്‍ശം. ഡി.വൈ.എഫ്.ഐ നേതാവും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായ യുവാവിെൻറ പ്രണയ വിവാഹം മതമൈത്രി തകർക്കുമെന്ന തരത്തിൽ വന്ന പരസ്യ പ്രസ്താവനയാണ് പാർട്ടിയെ കുടുക്കിയത്.
എം.എസ്. ഷജിെൻറയും ജോയ്സ്നയുടെയും വിവാഹത്തിനെതിരായ വിവാദ പരാമർശങ്ങൾ ബി.ജെ.പിയടക്കം എതിരാളികളും വലിയ ആയുധമാക്കി. ജോര്‍ജ് എം. തോമസിനെതിരെ നടപടിയുണ്ടാവുമെന്ന് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.