പ്രണയവിവാഹത്തിന്റെ പേരിലെ ഭ്രഷ്ടിന് നാലാണ്ട്; പീഡിതരായി യുവദമ്പതികൾ
text_fieldsമാനന്തവാടി: പ്രണയിച്ച് വിവാഹം കഴിച്ചതിെൻറ പേരിൽ യുവദമ്പതികൾക്ക് നാലര വർഷമായി സമുദായത്തിെൻറ ഭ്രഷ്ട്. മാനന്തവാടി എരുമത്തെരുവ് സ്വദേശികളായ അരുണും സുകന്യയുമാണ് സമുദായത്തിെൻറ കടുംപിടുത്തത്തിെൻറ ഇരകളായി ജീവിക്കുന്നത്. 2012ലാണ് ഇവർ രജിസ്റ്റർ വിവാഹം നടത്തിയത്. ഒരേ സമുദായക്കാരായിട്ടും ആചാരം തെറ്റിച്ചതിെൻറ പേരിൽ വിവാഹശേഷം ഇരുവർക്കും സമുദായം ഭ്രഷ്ട് കൽപ്പിച്ചതായാണ് പരാതി.
മൊബൈൽ ആപ് വഴിയുള്ള സുകന്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസ് വിഷയത്തിൽ ഇടപെട്ടു. എന്നാൽ, അരുൺ അന്യസമുദായക്കാരനാണെന്നും തങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്നതിെൻറ ഭാഗമായാണ് ഇൗ നടപടിയെന്നുമാണ് സമുദായവക്താക്കൾ പറയുന്നത്. 27കാരനായ അരുണിനേയും 23കാരിയായ സുകന്യയേയും കളങ്കിതരായി വിശേഷിപ്പിച്ച് സമുദായത്തിെൻറ പേരിൽ ലഘുലേഖയും ഇറക്കിയിരുന്നു. സമുദായത്തിലെ ആഘോഷങ്ങൾക്കോ വിശേഷങ്ങൾക്കോ സംബന്ധിക്കാനാവാതെ കഴിയുകയാണ് ഇൗ ദമ്പതികൾ. വിവാഹങ്ങൾക്കോ മരണാനന്തര ചടങ്ങുകളിലോ ഇവർക്ക് പ്രവേശനമില്ല.
മാതാപിതാക്കൾ ചെറുപ്പത്തിലേ ഉപേക്ഷിച്ച അരുൺ യഥാർഥത്തിൽ ഭട്ട് സമുദായക്കാരനാണെന്നും യാദവ സമുദായത്തിെൻറ ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് ഭട്ട് സമുദായക്കാരെ തങ്ങളുടെ സമുദായത്തിൽ കൂട്ടില്ലെന്നും യാദവ സമുദായ പ്രതിനിധികൾ അറിയിച്ചു. യാദവ ക്ഷേത്രത്തിൽ അന്നദാനത്തിൽ പങ്കെടുത്തതിെൻറ പേരിലും തങ്ങളെ മാനസികമായി പീഡിപ്പിച്ചതായി സുകന്യയുടെ കുടുംബം പറയുന്നു. തങ്ങൾക്ക് അനുകൂലമായി 117 ആളുകൾ എഴുതിനൽകിയ കത്ത് പരിഗണിക്കാൻ നേതൃത്വം തയാറായില്ലെന്നും സമുദായത്തിന് തങ്ങളോടുള്ള വിരോധമാണിതിെൻറ കാരണമെന്നും സുകന്യയുടെ പിതാവ് ഗോവിന്ദരാജ് പറഞ്ഞു. ഇതിനെ തുടർന്നാണ് സുകന്യ പ്രധാനമന്ത്രിക്ക് പരാതി നൽകിയത്. ഇതിെൻറ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം മാനന്തവാടി പൊലീസ് ഇരുവരെയും സമുദായ നേതാക്കളെയും വിളിച്ചുവരുത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. ഉത്തരേന്ത്യയിലെ പഞ്ചായത്തുകളുടെ മാതൃകയിൽ ഭരണഘടനയെയും പൗരാവകാശങ്ങളെയും അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങൾ എന്തുവില കൊടുത്തും തടയണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. ശ്രീജിത്ത് പെരുമനയുടെ നേതൃത്വത്തിൽ പൊതുപ്രവർത്തകർ രംഗത്തുവരുകയും വിവരം പുറത്തറിയിക്കുകയുമായിരുന്നു. ഭ്രഷ്ട് കൽപിച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചാൽ തിക്താനുഭവങ്ങൾ ഉണ്ടാകുമെന്ന ഭീഷണി ഉണ്ടായതിനാലാണ് ഇത്രയും നാൾ സംഭവം രഹസ്യമാക്കിെവച്ചത്.
ഉൗരുവിലക്കേർപ്പെടുത്തിയ സാമുദായിക നേതാക്കൾക്കെതിരെ ശക്തമായ നടപടികൾ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷനും വനിത കമീഷനും പരാതി നൽകുമെന്ന് അഡ്വ. ശ്രീജിത്ത് പെരുമന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.