ലവ്ഡേൽ റിസോർട്ട് ഏറ്റെടുക്കുന്നത് കോൺഗ്രസ് നേതാക്കൾ തടഞ്ഞു
text_fieldsമൂന്നാർ: മൂന്നാറിലെ വിവാദ ലവ്ഡേൽ റിസോർട്ട് ഹൈകോടതി നിർദേശപ്രകാരം ഏറ്റെടുക്കുന്നത് കോൺഗ്രസിെൻറ നേതൃത്വത്തിൽ തടസ്സപ്പെടുത്തി. സബ് കലക്ടർ നിർദേശിച്ചതനുസരിച്ച് എത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ നടപടി തടഞ്ഞ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ഡി.സി.സി ജനറൽ സെക്രട്ടറി ജി. മുനിയാണ്ടി, ജില്ല പഞ്ചായത്ത് അംഗം എസ്. വിജയകുമാർ, കെട്ടിട കൈവശക്കാരൻ വി.വി. ജോർജ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കോടതി ഉത്തരവ് നടപ്പാക്കുന്നതിന് തടസ്സം നിന്നതിനുമടക്കം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് മൂന്നാർ പൊലീസ് കേസെടുത്തത്. 143, 147, 353, 158, 149 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. റവന്യൂ ഉദ്യോഗസ്ഥരായ സീനിയർ സൂപ്രണ്ട് എസ്. സുരേഷ്കുമാർ, റവന്യൂ ഇൻസ്പെക്ടർ ബാലചന്ദ്രൻ പിള്ള, സർേവയർ ഷിജു, ക്ലർക്കുമാരായ ഷിജു, സോമൻ എന്നിവരടങ്ങുന്ന സംഘമാണ് നടപടികൾക്കായി എത്തിയത്. കോടതി ഉത്തരവ് നടപ്പാക്കാനും തുടർ നടപടിക്കും സ്ഥലത്തുണ്ടാകണമെന്ന് ചൂണ്ടിക്കാട്ടി കൈവശക്കാരനായ വി.വി. ജോർജിന് കത്തു നൽകിയിരുന്നു. എന്നാൽ, നടപടി ആരംഭിച്ചതോടെ കോൺഗ്രസ് നേതാക്കളായ മുനിയാണ്ടിയും വിജയകുമാറും തടസ്സവാദങ്ങളുന്നയിച്ച് രംഗത്തെത്തി. ഹൈകോടതിയുടെ വിധിപ്പകർപ്പ് പരാതിക്കാരനായ വി.വി. ജോർജിന് ലഭിച്ചിട്ടില്ലെന്ന കാരണമാണ് ഇവർ ചൂണ്ടിക്കാട്ടിയത്.
പ്രതിഷേധക്കാർ കൃത്യനിർവഹണം തടസ്സപ്പെടുത്തുന്നതായി കാട്ടി ഉദ്യോഗസ്ഥർ മൂന്നാർ പൊലീസിൽ പരാതിപ്പെടുകയും മൂവർക്കുമെതിരെ കേസെടുക്കുകയുമായിരുന്നു.
അതേസമയം, പള്ളിവാസൽ, ചിത്തിരപുരം എന്നിവിടങ്ങളിൽ അനധികൃതമായി കെട്ടിപ്പൊക്കിയ ചെറുതും വലുതുമായ 133 റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് മുൻ ആർ.ഡി.ഒ സബിൻ സമീദ് കണ്ടെത്തിയത് ശരിവെച്ചും ഇവയുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടും സ്ഥലംമാറിപ്പോകുന്ന സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ കലക്ടർക്ക് റിപ്പോർട്ട് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.