എണ്ണയടിക്കാൻ മാഹിയിൽ തിക്കും തിരക്കും
text_fieldsമാഹി: കേരള സർക്കാർ ഇന്ധനവിലയിൽ രണ്ട് രൂപ നികുതി ഏർപ്പെടുത്തിയതോടെ ശനിയാഴ്ച മുതൽ ഇന്ധനവിലയിലെ കുറവ് പ്രയോജനപ്പെടുത്താൻ പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻതിരക്ക്. ഇതോടെ വരുംദിവസങ്ങളിൽ ഇടുങ്ങിയ മാഹി ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുമെന്ന ഭീതിയിലാണ് യാത്രികർ. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നതോടെ ആംബുലൻസുകളടക്കം മറുവഴി തേടേണ്ട സ്ഥിതിയാവും.
കേരളത്തിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ പെട്രോൾ ലിറ്ററിന് 14ഉം ഡീസലിന് 13ഉം രൂപ മാഹിയിൽ കുറവാണ്. ഒരു ലിറ്റർ പെട്രോളിന് മാഹിയിൽ നൽകേണ്ടത് 93.80 രൂപ. മാഹി പിന്നിട്ട് തലശ്ശേരിയിലോ വടകരയിലോ എത്തിയാൽ വില 108.19 രൂപയാകും. 14 രൂപ 39 പൈസയുടെ വ്യത്യാസം. ഡീസലിന് 97.12 രൂപ പൈസയാണ് കണ്ണൂരിൽ വില. മാഹിയിലാകട്ടെ 83.72 രൂപയും. 13 രൂപ 40 പൈസയുടെ അന്തരം. കാറിന്റെ ഫുൾ ടാങ്ക് കപ്പാസിറ്റി 35 ലിറ്റർ ആണെങ്കിൽ ഒരു തവണ മാഹിയിൽനിന്ന് പെട്രോൾ നിറച്ചാൽ 504 രൂപയാണ് ലാഭം. 125 ലിറ്റർ ടാങ്കുള്ള ചരക്ക് വാഹനമെങ്കിൽ ഫുൾടാങ്ക് ഡീസലടിക്കുമ്പോൾ 1675 രൂപ ലാഭം കിട്ടും.
2022 മേയ് മൂന്നിന് കേന്ദ്രസർക്കാർ ഇന്ധന വിലയിലെ എക്സൈസ് ഡ്യൂട്ടി കുറച്ചശേഷം കഴിഞ്ഞ 10 മാസത്തിലേറെയായി പമ്പുകളിലെല്ലാം വൻ തിരക്കായിരുന്നു. ഇപ്പോൾ രണ്ട് രൂപ കൂടി കേരളം സെസ് ഏർപ്പെടുത്തിയതോടെ തിരക്ക് ഇനിയും കൂടുമെന്ന പ്രതീക്ഷയിലാണ് മാഹിയിലെ പമ്പുടമകൾ. ചെറിയ അളവിൽ ഇന്ധനം നിറച്ചാൽപോലും തെറ്റില്ലാത്ത തുക വാഹന ഉടമകൾക്ക് മിച്ചംപിടിക്കാം. പന്തക്കൽ മൂലക്കടവിൽ റിലയൻസിന്റെ ഒരു പമ്പ് ഒഴികെ ബാക്കി 16 എണ്ണവും പൊതുമേഖലാ എണ്ണക്കമ്പനിയുടേതാണ്. പമ്പുകളിൽ ആറെണ്ണം മാഹിയിലും ബാക്കി പള്ളൂർ, പന്തക്കൽ മേഖലകളിലുമാണ്. തൊഴിലാളികളായി 320 പേരും. ദേശീയപാതയോരത്തെ ആറ് പമ്പുകളിൽ ഓരോന്നിലും ശരാശരി ദിനേന 50,000 ലിറ്റർ ഡീസലും 20,000 ലിറ്റർ പെട്രോളും വിൽക്കുന്നുണ്ട്. ദിവസം മൂന്ന് ലക്ഷം ലിറ്റർ ഡീസലും 1.20 ലക്ഷം ലിറ്റർ പെട്രോളും. മറ്റ് പമ്പുകളിൽനിന്നായി 2.20 ലക്ഷം ലിറ്റർ ഡീസലും 1.10 ലക്ഷം ലിറ്റർ പെട്രോളുമാണ് വിൽക്കുന്നതെന്നാണ് അനുമാനം. ഇതിനിടെ മാഹിയിൽനിന്ന് ഇന്ധനക്കടത്തും സജീവമായിട്ടുണ്ട്.
12,000 ലിറ്റർ സംഭരണ ശേഷിയുളള വലിയ ടാങ്കറുകളിലാണ് പ്രധാനമായും ഇന്ധനം കടത്തുന്നത്. ഒരു ടാങ്കർ ഇന്ധനം മാഹി അതിർത്തി കടത്തിയാൽ ലഭിക്കുന്ന ശരാശരി ലാഭം 1,30,000 രൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.