ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, കേരളം ജാഗ്രതയിൽ
text_fieldsതിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദമായി മാറി. അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. ന്യൂനമർദത്തിന്‍റെ സാന്നിധ്യത്തെ തുടർന്ന് കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. തിങ്കളാഴ്ച കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്ട് മഴയിൽ വീടിന്‍റെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചു. ഷോളയൂർ വെങ്കകടവത്തു സ്വദേശി പെരുമാൾ എന്ന സുഗുണനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലെ മഴയിലും കടൽക്ഷോഭത്തിലും മരിച്ചവരുടെ എണ്ണം 22 ആയി. തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി. പെരുമാതുറ ചേരമാന്‍തുരുത്ത് സ്വദേശികളായ സബീര്‍, ഷമീര്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ മൂന്നാറിലെ കുണ്ടള എസ്റ്റേറ്റിൽ ഞായറാഴ്ച പുലർച്ച വീണ്ടും ഉരുൾപൊട്ടി. രണ്ടു വീടുകൾ മണ്ണിനടിയിലായി. അതേസമയം, വയനാട് ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് അപ്പർ റൂൾ ലെവൽ ആയ 774 മീറ്ററിൽ ജലനിരപ്പ് എത്തിയ സാഹചര്യത്തിൽ തിങ്കളാഴ്ച രാവിലെ എട്ടിന് അണക്കെട്ടിന്‍റെ ഷട്ടർ 10 സെന്‍റിമീറ്റർ തുറക്കുമെന്ന് വയനാട് കലക്ടർ അറിയിച്ചു.
എറണാകുളം ഇടമലയാർ ഡാം ചൊവ്വാഴ്ച രാവിലെ 10ന് തുറക്കും. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകളിൽ മൂന്നെണ്ണം കൂടുതല്‍ ഉയര്‍ത്തി. ഇടുക്കി ഡാമും ഞായറാഴ്ച രാവിലെ 10ന് തുറന്നു. കക്കി-ആനത്തോട് അണക്കെട്ടിന്‍റെ ഷട്ടർ തിങ്കളാഴ്ച രാവിലെ 11ന് തുറക്കും. ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പൻചോല താലൂക്കിലെ ബൈസൺവാലി, ചിന്നക്കനാൽ പഞ്ചായത്തുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും തിങ്കളാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. കുട്ടനാട് താലൂക്കിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.