ഓണക്കിറ്റിൽ നിലവാരം കുറഞ്ഞ 'പാൻപൊടി' ഏലക്ക
text_fieldsകട്ടപ്പന: സംസ്ഥാന സർക്കാർ വിതരണം ചെയ്ത ഒാണക്കിറ്റിൽ ഉൾപ്പെടുത്തിയത് വലുപ്പത്തിലും ഗുണനിലവാരത്തിലും ഏറ്റവും കുറഞ്ഞ ഇനമായ 'പാൻപൊടി'യെന്ന് ആക്ഷേപം. ഇത് ശേഖരിച്ചതാകെട്ട അന്നത്തെ വിപണി നിരക്കിെനക്കാൾ കൂടിയ വിലയ്ക്കും. കിറ്റ് കൈപ്പറ്റിയ ഉപഭോക്താക്കളിൽനിന്ന് ഇതുസംബന്ധിച്ച വ്യാപക പരാതി ഉയരുന്നുണ്ട്.
ഏലക്ക വലുപ്പമനുസരിച്ച് അഞ്ചു മുതൽ എട്ട് പ്ലസ് വരെ ബോൾഡ് ഇനത്തിലാണ് അറിയപ്പെടുന്നത്. ഏറ്റവും വലുപ്പമുള്ളതും ഗുണനിലവാരം കുടിയതുമായ ഏലക്കയാണ് എയ്റ്റ് പ്ലസ് (8+). ഇത് സാധാരണഗതിയിൽ 100 ഗ്രാമിൽ 400 മുതൽ 500 വരെ ഏലക്ക ഉണ്ടാകും. കിറ്റിനായി സർക്കാർ വാങ്ങിയത് ശരാശരി 6.5 ബോൾഡും അതിൽ താഴെയും വരുന്ന ഏലക്കയാണ്. ഒാണക്കിറ്റിൽ ലഭിച്ച പാക്കറ്റിലെ ഏലക്കയിൽ കുടുതലും പൊടിക്കായും അരി മൂക്കാത്തവയുമായിരുന്നു. എന്നാൽ, ചിലർക്ക് ലഭിച്ച പാക്കറ്റിലാകെട്ട ഗുണനിലവാരം കൂടിയ ഏലക്കയും ഉണ്ടായിരുന്നു.
വലുപ്പമുള്ള ഏലക്ക അരിച്ചെടുത്ത് ബാക്കിവരുന്ന അഞ്ചുബോൾഡും അതിൽ താഴെയുമുള്ള എലക്കയാണ് പൊടിക്കായ് എന്ന പേരിൽ അറിയപ്പെടുന്നത്. ഇത് കച്ചവടക്കാർക്കിടയിൽ അറിയപ്പെടുന്നത് 'പാൻപൊടി' എന്നാണ്. ഉത്തരേന്ത്യൻ വ്യാപാരികളാണ് ഇത് കൂടുതലായി വാങ്ങുന്നത്. ഓണക്കിറ്റിനായി സർക്കാർ ഏലക്ക ശേഖരിച്ചത് 20 ഗ്രാം പാക്കറ്റിന് 27.78 മുതൽ 31 വരെ രൂപക്കാണ്. എ.എ.വൈ കാർഡ് ഉടമകൾക്ക് നൽകാൻ ഡിപ്പോ കമ്മിറ്റി വഴി നികുതി ഒഴിവാക്കി 33.33 രൂപക്കും പിങ്ക് കാർഡ് ഉടമകൾക്ക് നൽകാൻ 20 ശതമാനം കൺസ്യൂമർ ഫെഡ്, റെയ്ക്കോ എന്നിവ വഴി 33.33 രൂപക്കും ശേഖരിച്ചു.
ജൂലൈ 24 ന് പുറ്റടി സ്പൈസ് പാർക്കിൽ നടന്ന സ്പൈസ് മോർ ട്രേഡിങ് കമ്പനിയുടെ ഇ-ലേലത്തിൽ കൂടിയ വില കിലോക്ക് 1619 രൂപയും ശരാശരി വില 1108.48 രൂപയും മാസ് ഏജൻസിയുടെ ഇ- ലേലത്തിൽ കൂടിയ വില 1726 രൂപയും ശരാശരി വില 1124 രൂപയുമായിരുന്നു. കിറ്റ് വിതരണത്തിന് സംസ്ഥാന സർക്കാർ ടെൻഡർ ഉറപ്പിച്ച ദിവസം പൊടിക്കായക്ക് വിപണിയിൽ 900 മുതൽ 1000 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ, വിതരണക്കാരിൽനിന്ന് സർക്കാർ വാങ്ങിയത് 1389 രൂപയും നികുതിയും നൽകിയാണ്. ഇത്രയും കൂടുതൽ വില ലഭിച്ചിട്ടും ഏലക്ക വിതരണം ചെയ്ത പട്ടം കോളനി സർവിസ് കോഓപറേറ്റീവ് സൊസൈറ്റി അടക്കം സ്ഥാപനങ്ങൾക്ക് നഷ്ടം ഉണ്ടായതാണ് പറയുന്നത്. പാക്കിങ്, വിതരണം, കൂലി ഇനത്തിൽ വൻ തുക ചെലവായതിനാൽ തുടർന്ന് വിതരണം ചെയ്യുന്നതിൽനിന്ന് ഈ സ്ഥാപനങ്ങൾ പിന്തിരിഞ്ഞു.
ഏജൻസികൾ കൃത്രിമം കാണിച്ചെന്ന് സംശയം
കട്ടപ്പന: ഏലക്ക പാക്കറ്റ് നിറച്ചതിൽ വിതരണ ഏജൻസികൾ കൃത്രിമം നടത്തിയതായും സംശയം. സംസ്ഥാന സർക്കാർ ഓർഡർ നൽകിയത് 6.5 ബോൾഡും അതിൽ താഴെയുമുള്ള ഏലക്ക വാങ്ങാനാണ്. എന്നാൽ പാക്കറ്റ് വിതരണം ചെയ്ത ഏജൻസികൾ സർക്കാർ നൽകിയ ഓഡറിന് വിരുദ്ധമായി ഗുണനിലവാരം കുറഞ്ഞ അഞ്ചു ബോൾഡിൽ താഴെയുള്ള ഏലക്കയാണ് നൽകിയത്. ഉപഭോക്താക്കൾക്ക് ലഭിച്ച പാക്കറ്റിൽ ശരാശരി 140 മുതൽ 160 വരെ ഏലക്ക കണ്ടതാണ് ഈ സംശയം വർധിപ്പിക്കുന്നത്. ഏഴ് പ്ലസ് ബോൾഡ് കായാണ് വിതരണം ചെയ്തതെങ്കിൽ പാക്കറ്റിൽ ശരാശരി 90ൽ താഴെ എണ്ണമേ ഉണ്ടാകുമായിരുന്നുള്ളു.
ഏലക്ക: സർക്കാറിനെ താറടിക്കാൻ ശ്രമമെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: ഓണക്കിറ്റിൽ ഏലക്ക വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ വിമർശനം അനാവശ്യമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. അഴിമതി ആരോപണത്തിലൂടെ സർക്കാറിനെ താറടിക്കാനാണ് പ്രതിപക്ഷ ശ്രമം. തിരുവോണത്തിനുമുമ്പ് പരമാവധി കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. ഗുണനിലവാരം കൂടിയ ഏലക്കയാണ് വിതരണം ചെയ്തതെന്നും ടെൻഡർ നടപടിയിലൂടെയാണ് കിറ്റിലെ എല്ലാ സാധനങ്ങളും വാങ്ങിയതെന്നും ജി.ആർ. അനിൽ പറഞ്ഞു. ഓണക്കിറ്റിലേക്ക് ഏലക്ക വാങ്ങിയതിൽ എട്ട് കോടിയുടെ അഴിമതിയെന്നാണ് പി.ടി. തോമസ് എം.എൽ.എ ആരോപണം ഉന്നയിച്ചത്. കർഷകരിൽനിന്ന് നേരിട്ട് വാങ്ങാതെ ഇടനിലക്കാർ വഴി ഉയർന്ന വിലക്ക് ഏലക്ക സംഭരിച്ചുവെന്നും സമഗ്ര അന്വേഷണം വേണമെന്നും പി.ടി. േതാമസ് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.