മഴ കനിഞ്ഞില്ലെങ്കിൽ ആഗസ്റ്റ് 16ന് ശേഷം ലോഡ് ഷെഡിങ്
text_fieldsതിരുവനന്തപുരം: വരുംദിവസങ്ങളിൽ കാര്യമായ മഴ ലഭിച്ചില്ലെങ്കിൽ ആഗസ്റ്റ് 16ന് ശേഷം ലോഡ് ഷെഡിങ് അടക്കം വൈദ്യുതിനിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്. പിള്ള. 86 ദിവസത്തെ വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ വെള്ളമേ നിലവിൽ അണക്കെട്ടുകളുടെ സംഭരണികളിലുള്ളൂവെന്നും ഉന്നതതല യോഗശേഷം ചെയർമാൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. 16ന് വീണ്ടും ചേരുന്ന ഉന്നതതലസമിതി േയാഗത്തിലാകും തുടർനടപടികൾ സ്വീകരിക്കുകയെന്നും ചെയർമാൻ വ്യക്തമാക്കി.
സംസ്ഥാനത്തിന് പ്രതിദിനം 70 മുതൽ 72 ദശലക്ഷം യൂനിറ്റ് വൈദ്യുതി ആവശ്യമാണ്. കേന്ദ്രവിഹിതമായും മറ്റുള്ള സ്രോതസ്സുകളിൽനിന്നും ലഭിക്കുന്ന വൈദ്യുതിയിൽനിന്ന് 64 ദശലക്ഷം യൂനിറ്റുവരെ മാത്രമേ കേരളത്തിലെത്തിക്കാൻ സൗകര്യമുള്ളൂ. ശേഷിക്കുന്ന വൈദ്യുതിക്ക് സംസ്ഥാനത്തെ ജലവൈദ്യുതിനിലയങ്ങൾ മാത്രമാണ് ആശ്രയം. മഴയില്ലാത്തതിനാൽ ഇവ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വെള്ളമില്ലാത്തതാണ് നിലവിലെ വെല്ലുവിളി. സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചെങ്കിലും ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് കാര്യമായ മഴ കിട്ടിയതുമില്ല.
ആഗസ്റ്റ് ഒന്നിനുള്ള കണക്കനുസരിച്ച് എല്ലാ സംഭരണികളിലുമായി 869.05 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമാണുള്ളത്. നിലവിലെ ജലനിരപ്പ് സംഭരണശേഷിയുടെ 21 ശതമാനമാണ്. കഴിഞ്ഞവർഷം ഇൗ സമയത്ത് ഇത് 92 ശതമാനമായിരുന്നു. 10 വർഷത്തെ ശരാശരിയുമായി ബന്ധപ്പെടുത്തുേമ്പാൾ ഇൗ വർഷത്തെ ഡാമുകളിലെ ജലശേഖരണത്തിൽ 50 ശതമാനത്തിെൻറ കുറവാണുള്ളത്. ഈ മാസത്തെ മഴയുടെ ലഭ്യതയിൽ വലിയ കുറവുണ്ടായാൽ പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികൾ ആലോചിക്കും. കേന്ദ്രപൂളിൽനിന്നുള്ള വൈദ്യുതിലഭ്യതയുടെ ഏറ്റക്കുറച്ചിലുകൾ തുടരുമെന്നാണ് വിലയിരുത്തൽ.
പ്രസരണശേഷിയും കണക്കിലെടുത്ത്, പരമാവധി വൈദ്യുതി വാങ്ങി ഉപയോഗിക്കാനാണ് സമിതി തീരുമാനം. ഇതിലൂടെ സംഭരണികളിൽ കഴിയുന്നത്ര വെള്ളം സൂക്ഷിക്കും. മഴക്കുറവുമൂലമുള്ള കമ്മി നികത്താനായി കേന്ദ്ര സർക്കാറിെൻറ ഇ-പോർട്ടൽ വഴി ഹ്രസ്വകാലാടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷെൻറ അനുമതി തേടും.
നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള എല്ലാ സാധ്യതകളും തേടാൻ യോഗം തീരുമാനിച്ചു. ലഭ്യമാകുന്ന സ്രോതസ്സുകളിൽ നിന്നെല്ലാം വൈദ്യുതി വാങ്ങും. ജനുവരി മുതൽ േമയ് വരെ വേനൽക്കാലത്ത് പ്രതിദിനം ശരാശരി 15 മുതൽ 18 ദശലക്ഷംവരെ യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കേണ്ടിവരും. കുടിവെള്ളവിതരണവും ജലസേചനവും ഉറപ്പാക്കാനും ഇത് ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.