കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞ് ആശുപത്രി വിട്ടു
text_fieldsകൊച്ചി: 380ഗ്രാം ഭാരവുമായി 23ാം ആഴ്ചയിൽ ഗുരുതരാവസ്ഥയിൽ പിറന്ന കേരളത്തിലെ ഏറ്റവും ഭ ാരം കുറഞ്ഞ നവജാത ശിശുവിന് പുനർജന്മം. എറണാകുളം ലൂർദ് ആശുപത്രിയിൽ നവജാത ശിശുരോഗ വിദഗ്ധൻ ഡോ. റോജോ ജോയുടെ നേതൃത്വത്തിലാണ് നൂതന ചികിത്സാമാർഗത്തിലൂടെ കുഞ്ഞ് കാശ്വിയുടെ കുരുന്നുജീവൻ തിരിച്ചുപിടിച്ചത്. ദക്ഷിണേഷ്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകൾ പ്രകാരം ഹൈദരാബാദിൽ ജനിച്ച ഭാരംകുറഞ്ഞ ശിശുവും കാശ്വിയും തമ്മിൽ അഞ്ച് ഗ്രാം മാത്രമേ ഭാരവ്യത്യാസമുള്ളൂ.
അഞ്ചാം മാസം വയറുവേദനയെത്തുടർന്നാണ് മേയ് ഒന്നിന് ഉത്തർപ്രദേശ് സ്വദേശിയും ലൂർദ് ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗം ഡി.എൻ.ബി. മെഡിക്കൽ വിദ്യാർഥിയുമായ ഡോ. ദിഗ് വിജയ്യുടെ ഭാര്യ ശിവാങ്കിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൂർണ വളർച്ചയെത്താതെ ജനിച്ച കുഞ്ഞിന് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ കൃത്രിമ ശ്വാസം നൽകി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. 16 ദിവസം െവൻറിലേറ്ററിൽ കഴിഞ്ഞ് സ്വയം ശ്വാസം എടുക്കുന്നെന്ന് ഉറപ്പാക്കിയശേഷം നിയോനേറ്റൽ ഐ.സി.യുവിലെ ബബിൾ സി-പാപ്പിലേക്ക് മാറ്റി. തുടർന്ന് രണ്ട് മാസത്തോളം നിയോനേറ്റൽ ഐ.സി.യുവിൽ ഇൻക്യൂബേറ്ററിൽ കഴിഞ്ഞു.
ജനിച്ചപ്പോൾ കൈപ്പത്തിയുടെ വലുപ്പം മാത്രമുണ്ടായിരുന്ന കുഞ്ഞിെൻറ ഭാരം ആശുപത്രി വിടുേമ്പാൾ 380 ഗ്രാമിൽനിന്ന് ഒന്നര കിലോയായി. ശരീരത്തിലുള്ള എല്ലാ അവയവങ്ങളുടെയും വളർച്ചക്കുറവും ശരീരത്തിെൻറ ചൂട് നിലനിർത്താൻ സാധിക്കാത്തതും അണുബാധയുമാണ് മാസം തികയാത്ത കുഞ്ഞുങ്ങളുടെ അതിജീവനത്തിന് തടസ്സമാകുന്നതെന്ന് ഡോ. റോജോ ജോയ് പറഞ്ഞു. ഡോ. പ്രീതി പീറ്റർ, ഡോ. ഋഷികേശ്, ഡോ. സിസ്റ്റർ ജൂലിയ, ഡോ. അഞ്ജലി, ഡോ. ഐഷ, ഡോ. റെനോൾഡ്, ഡോ. ഗ്രീഷ്മ, ഡോ. നിഷാദ് തുടങ്ങിയവരാണ് സംഘത്തിലെ മറ്റു ഡോക്ടർമാർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.