കീഴ്കോടതി സിറ്റിങ് രാവിലെ 10 മുതൽ; ബാർ അസോസിയേഷന്റെ നിലപാടുതേടി ഹൈകോടതി
text_fieldsകൊച്ചി: സംസ്ഥാനത്തെ കീഴ്കോടതികളുടെ സിറ്റിങ് രാവിലെ 10 മുതലാക്കുന്നത് സംബന്ധിച്ച് കേരള ബാർ കൗൺസിൽ മുഖേന സംസ്ഥാനത്തെ ബാർ അസോസിയേഷനുകളുടെ നിലപാടുതേടി ഹൈകോടതി. സെപ്റ്റംബർ 30നകം ബാർ അസോസിയേഷനുകളുടെ അഭിപ്രായം അറിയിക്കാനാണ് ഹൈകോടതിയിലെ ജില്ല ജുഡീഷ്യറി രജിസ്ട്രാർ പി.ജി. വിൻസെന്റ് ബാർ കൗൺസിൽ സെക്രട്ടറിക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്.
നിലവിൽ രാവിലെ 11 മുതലാണ് കീഴ്കോടതികളിൽ സിറ്റിങ്. ഇതുമൂലം കേസുകൾ കേൾക്കാൻ മതിയായ സമയം ലഭിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് സമയം മാറ്റുന്നത്. സാധാരണഗതിയിൽ ജഡ്ജിമാർ ചേംബറിൽ ഉത്തരവുകൾ തയാറാക്കി കോടതിമുറിയിൽ പ്രധാനഭാഗം വായിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഉത്തരവ് തയാറാക്കേണ്ടി വരുന്നതിനാലാണ് സിറ്റിങ് 11 മുതൽ തുടങ്ങുന്ന രീതി വന്നത്. രാവിലെ 11 മുതൽ സിറ്റിങ് തുടങ്ങുമ്പോൾ അതത് ദിവസത്തെ കേസുകൾ വിളിക്കാനും നോട്ടീസ് ഉത്തരവിടാനുമാണ് ഏറെസമയം ചെലവഴിക്കുന്നത്.
കേസുകളിൽ വാദമടക്കമുള്ള പ്രധാന നടപടികൾ ഇതുമൂലം ഉച്ചക്കു ശേഷമുള്ള സെഷനിലാണ് നടക്കുക. കേസുകളിൽ ഹാജരാകുന്ന സാക്ഷികളടക്കമുള്ളവർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് സമയമാറ്റം ഹൈകോടതി ആലോചിക്കുന്നത്. സിറ്റിങ് രാവിലെ 10ന് തുടങ്ങിയാൽ രാവിലെയുള്ള സെഷനിൽതന്നെ കേസുകളിൽ വാദം കേൾക്കാനാവും.
കീഴ്കോടതികളുടെ സമയമാറ്റത്തെ അഭിഭാഷകർ എതിർക്കില്ലെന്നാണ് സൂചന. പകരം ഹൈകോടതിയിലെപ്പോലെ ശനിയാഴ്ചകൾ അവധിദിനമാക്കണമെന്ന ആവശ്യം ഇവർ ഉയർത്തിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.