ലോവർപെരിയാർ അണക്കെട്ടിൽ മണൽ അടിഞ്ഞു, ശേഷി 40 ശതമാനം കുറഞ്ഞു
text_fieldsചെറുതോണി (ഇടുക്കി): പ്രളയകാലത്ത് ഇടുക്കി ഡാം തുറന്നതിനെ തുടർന്ന് ലോവർപെരിയാർ ഡാമിൽ അടിഞ്ഞത് ലക്ഷങ്ങളുടെ മണൽ. പനംകുട്ടി മുതൽ ലോവർപെരിയാർ അണക്കെട്ടുവരെ ഒരു കിലോമീറ്ററിലാണ് മണൽ എത്തിയത്. ഇതോടെ ലോവർപെരിയാർ അണക്കെട്ടിെൻറ സംഭരണശേഷി 40 ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്നാണ് വൈദ്യുതി ബോർഡ് കണക്കാക്കുന്നത്. ഇൗ സാഹചര്യത്തിൽ മണൽ ലേലം ചെയ്ത് നൽകാൻ നടപടികൾ തുടങ്ങി.
2010ൽ ഇവിടെനിന്നും ഇടുക്കി അണക്കെട്ടിെൻറ ഭാഗമായ അയ്യപ്പൻകോവിൽ, കല്ലാർകുട്ടി അണക്കെട്ട് എന്നിവിടങ്ങളിൽനിന്നും മണൽ നീക്കാൻ പദ്ധതി തയാറാക്കിയിരുന്നു. ഖനനത്തിന് ട്രാവൻകൂർ സിമൻറ്സിന് അനുമതി നൽകുകയും ചെയ്തു. എന്നാൽ, പിന്നീടിത് ഉപേക്ഷിക്കുകയായിരുന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് മേധാവികൾ, ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി അണക്കെട്ടിൽ പരിശോധനയും ചർച്ചയും ഉടൻ നടത്തും.
ആഴം കൂടുതലുള്ളതിനാൽ ലോവർപെരിയാറിലെ മണൽ ഖനനത്തിന് പ്രത്യേക യന്ത്രസാമഗ്രികൾ ഇറക്കുമതി ചെയ്യണം. യന്ത്രസാമഗ്രികൾ ഉപയോഗിച്ചു നീക്കംചെയ്യുന്ന മണലും ചളിയും കരയിൽ സൂക്ഷിക്കാൻ സൗകര്യമില്ല.
അണക്കെട്ടിെൻറ ഇരുവശങ്ങളിലുമുള്ള പ്രദേശങ്ങൾ അടിമാലി, നഗരംപാറ റേഞ്ചുകളിൽപെട്ട വനമാണ്. അനുമതി ലഭിച്ചാൽ മാത്രമേ മണൽ സംഭരിക്കാനാവൂ.
കല്ലാർകുട്ടി അണക്കെട്ടിലെ കടവുകളിൽനിന്ന് മണലെടുക്കാനും ഇതേ പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇവിടെനിന്ന് മണലെടുക്കാൻ കാലതാമസമുണ്ടാകും. യന്ത്രസാമഗ്രികളും വാഹനവുമെത്തിക്കാൻ ഡാമിലേക്ക് റോഡില്ല. അയ്യപ്പൻകോവിലിൽ വനംവകുപ്പുമായി തർക്കം നിലനിൽക്കുന്നുണ്ട്.
മണൽ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വനം വകുപ്പും വൈദ്യുതി ബോർഡും അവകാശമുന്നയിച്ച് രംഗത്തുണ്ട്. മണൽ വാരുന്നതിന് മുമ്പ് ഏതെല്ലാം റോഡുകൾ ഏറ്റെടുക്കണമെന്നതു സംബന്ധിച്ച് തീരുമാനവും ഉണ്ടാകണം. കഴിഞ്ഞ തവണ ഏഴു റോഡുകളുടെ പട്ടിക തയാറാക്കി കലക്ടർക്ക് നൽകിയിരുന്നു. ഇതനുസരിച്ച് പൊതുമരാമത്തു വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തു. പിന്നീടാണ് മുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.