ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിൽ നടന്നത് ചരിത്രത്തിലെ കുറഞ്ഞ നിയമനം
text_fieldsതിരുവനന്തപുരം: റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ആറുമാസം മാത്രം ബാക്കി നിൽക്കെ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവൻറ് റാങ്ക് ലിസ്റ്റിൽനിന്ന് നടന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിയമനം.
അപ്രഖ്യാപിത നിയമന നിരോധനവും ഒഴിവുകളിൽ താൽക്കാലികക്കാരെ തിരുകിക്കയറ്റിയതുമാണ് കാരണം. 40,000ത്തിൽ അധികം ഉദ്യോഗാർഥികൾ നിയമനം കാത്തിരിക്കുന്ന ലിസ്റ്റാണിത് . 14 ജില്ലകളിലായി ഈ തസ്തികക്ക് നിലവിെല റാങ്ക് ലിസ്റ്റുകളിൽ 46,285 പേരെയാണ് പി.എസ്.സി ഉൾപ്പെടുത്തിയിരുന്നത്.
5420 പേർക്ക് മാത്രമാണ് ഇതുവരെ നിയമന ശിപാർശ ലഭിച്ചത്. അതിൽ 681 ഒഴിവും എൻ.ജെ.ഡി ആണ്. ഇതു കുറച്ചാൽ യഥാർഥ നിയമനം 4739 മാത്രം. അതായത് റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടന്നത് 10 ശതമാനം മാത്രം. ഈ തസ്തികയുടെ മുൻ ലിസ്റ്റിൽനിന്ന് 11,455 പേർക്ക് നിയമന ശിപാർശ ലഭിച്ച സ്ഥാനത്താണിത്. കൂടുതൽ പേർക്ക് ശിപാർശ ലഭിച്ചത് തിരുവനന്തപുരത്താണ് -622. കുറവ് വയനാടും-184.
ജില്ലകളിൽ ആയിരക്കണക്കിന് ഒഴിവുകൾ ഉണ്ടെങ്കിലും റിപ്പോർട്ട് ചെയ്യാതെ സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് ലീഗൽ മെട്രോളജി വകുപ്പിൽ നിലവിെല നാല് ഒഴിവിൽ താൽക്കാലികക്കാരാണ്. ഇവരെ ഒഴിവാക്കി റാങ്ക് ലിസ്റ്റിൽ നിന്നു നിയമിക്കണമെന്ന കോടതി വിധിയുണ്ടെങ്കിലും നടപ്പായിട്ടില്ല.
ഇറിഗേഷൻ വകുപ്പിൽ പത്തിലധികം ഒഴിവുകളും പൊതുവിദ്യാഭ്യാസ വകുപ്പിൽ 25 ലധികവും സാമൂഹികനീതി വകുപ്പിൽ 30ലധികവും ഒഴിവുകൾ ഉണ്ടെങ്കിലും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ല.
നഗരകാര്യ വകുപ്പിൽ അഞ്ച് ഒഴിവുണ്ട്. ഇതുപോലെ ഓരോ ജില്ലയിലും നൂറുകണക്കിന് ഒഴിവുകൾ ഉണ്ടെന്നും റിപ്പോർട്ട് ചെയ്യുന്നില്ലെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു. കൂടുതൽ നിയമനം നടത്തി എന്നു പറയുേമ്പാഴും അപ്രഖ്യാപിത നിയമന നിരോധമാണുള്ളതെന്നും ഉദ്യോഗാർഥികൾ പറയുന്നു.
സെക്രട്ടേറിയറ്റ്/ പി.എസ്.സി/ ലോക്കൽ ഫണ്ട് ഒാഡിറ്റ് തുടങ്ങിയവയിലെ ലാസ്റ്റ് ഗ്രേഡ് ഒഴിവുകൾ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവൻറ് റാങ്ക് ലിസ്റ്റിൽനിന്നായിരുന്നു നികത്തിയിരുന്നത്.
എന്നാൽ, ഈ നിയമനം സബോഡിനേറ്റ് സർവിസിൽ ഉൾപ്പെടുത്തി സെക്രട്ടേറിയറ്റ് ഒാഫിസ് അറ്റൻഡൻറ് എന്ന പേരിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു നടത്താൻ തീരുമാനിച്ചതോടെ നിലവിെല ലിസ്റ്റിലുൾപ്പെട്ടവർക്ക് അഞ്ഞൂറോളം ഒഴിവുകളാണ് നഷ്ടമായത്. ജൂൺ 29ന് അവസാനിക്കേണ്ട ലിസ്റ്റ് കോവിഡിനെ തുടർന്ന് ആഗസ്റ്റ് നാലുവരെ നീട്ടിയിട്ടുണ്ടെങ്കിലും റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിൽ ഫലമുണ്ടാകില്ല.
ആശ്രിത നിയമനത്തിന് 68 ഒഴിവ്; ഒരു വർഷമായി റിപ്പോർട്ടില്ല
പഞ്ചായത്ത് വകുപ്പിൽ 68 ലാസ്റ്റ് ഗ്രേഡ് ഒഴിവ് ആശ്രിത നിയമനത്തിനായി മാറ്റിെവച്ചിരിക്കുകയാണ്. ഒരു വർഷത്തോളമായി ഈ വകുപ്പിലെ ഒഴിവുകൾ പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്യുന്നില്ല.
സാമൂഹികനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ വിഭജനവുമായി ബന്ധപ്പെട്ട് തസ്തികകൾ ഏകീകരിക്കാൻ കാലതാമസം നേരിടുന്നതിനാൽ ഈ വകുപ്പുകളിലെ ലാസ്റ്റ്ഗ്രേഡ് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടു മാസങ്ങളായി. ന്യൂനപക്ഷക്ഷേമ വകുപ്പ്, സർവകലാശാലകൾ തുടങ്ങിയവയിലെ ലാസ്റ്റ് ഗ്രേഡ് ഒഴിവുകളിലും താൽക്കാലികക്കാരെ കയറ്റി സ്ഥിരപ്പെടുത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.