എൽ.പി.ജി വിതരണം: ആശങ്ക വേണ്ടെന്ന് എണ്ണക്കമ്പനികൾ
text_fieldsകൊച്ചി: സതേൺ റീജ്യൻ ബൾക്ക് എൽ.പി.ജി ട്രാൻസ്പോർട്ട് ഓണേഴ്സ് അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്ത ട്രാൻസ്പോർട്ടർമാർ പണിമുടക്കുന്ന സാഹചര്യത്തിൽ എൽ.പി.ജി വിതരണം തടസ്സപ്പെടാതിരിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ടെന്നും എണ്ണക്കമ്പനികൾ അറിയിച്ചു.
നിലവിൽ ബോട്ട്ലിങ് പ്ലാന്റുകളിൽ ആവശ്യത്തിന് എൽ.പി.ജി ശേഖരമുണ്ട്. അതിനാൽ വിതരണം പതിവുപോലെ നടക്കും. എല്ലാ പ്രദേശങ്ങളിൽനിന്നുമുള്ള ട്രാൻസ്പോർട്ടർമാരുമായി നടത്തിയ വിശദ ചർച്ചക്കുശേഷമാണ് അടുത്തിടെ ഗതാഗത ടെൻഡറിന് അന്തിമരൂപം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് അവർ മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും പരിഗണിച്ചിരുന്നു.
സർക്കാറിന്റെയും കേന്ദ്ര വിജിലൻസിന്റെയും മാർഗനിർദേശങ്ങൾ പാലിച്ച് സുതാര്യമായാണ് ടെൻഡർ നിബന്ധനകൾ തയാറാക്കിയത്. എൽ.പി.ജി ഗതാഗതത്തിന്റെ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കാനാണ് പുതിയ ടെൻഡർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സുരക്ഷ ലംഘനങ്ങളും മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട പിഴ വ്യവസ്ഥകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഒരുവിഭാഗം ട്രാൻസ്പോർട്ടർമാർ പണിമുടക്കുന്നത്. പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ എണ്ണക്കമ്പനികൾ ട്രാൻസ്പോർട്ടർമാരുമായി നിരന്തരം ചർച്ച നടത്തുന്നുണ്ടെന്നും എണ്ണക്കമ്പനികളുടെ സംസ്ഥാന കോഓഡിനേറ്റർമാർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.