ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡ് പുനർവിഭജനം; കരട് വിജ്ഞാപനമായി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡുകൾ പുനർവിഭജിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ജില്ല കലക്ടർമാർ നൽകിയ കരട് നിർദേശങ്ങൾ പരിശോധിച്ച് പ്രസിദ്ധീകരിക്കുന്നതിന് ഡീലിമിറ്റേഷൻ കമീഷൻ യോഗം അനുമതി നൽകി. ഡിസംബർ മൂന്നുവരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. ഡീലിമിറ്റേഷൻ കമീഷൻ സെക്രട്ടറിക്കോ ജില്ല കലക്ടർക്കോ നേരിട്ടോ രജിസ്ട്രേഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം. വിലാസം: സംസ്ഥാന ഡീലിമിറ്റേഷൻ കമീഷൻ, കോർപറേഷൻ ബിൽഡിങ് നാലാംനില, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695033. ഫോൺ: 0471-2335030. ആക്ഷേപങ്ങൾക്കൊപ്പം രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം.
നിർദിഷ്ട വാർഡിന്റെ അതിർത്തികളും ജനസംഖ്യയും ഭൂപടവുമാണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. കരട് വിജ്ഞാപനം അതത് തദ്ദേശ സ്ഥാപനങ്ങളിലും ജില്ല കലക്ടറേറ്റുകളിലും https://www.delimitation.lsgkerala.gov.in ലും പരിശോധനക്ക് ലഭ്യമാണ്.
ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടികൾക്കും നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികൾക്കും കരട് വിജ്ഞാപനത്തിന്റെ മൂന്നു പകർപ്പുകൾ വീതം സൗജന്യമായി തദ്ദേശസ്ഥാപന സെക്രട്ടറി നൽകും. പകർപ്പ് ആവശ്യമുള്ള മറ്റുള്ളവർ പേജ് ഒന്നിന് മൂന്നുരൂപയും ജി.എസ്.ടിയും നൽകണം. ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷൻ കമീഷൻ പരിശോധിച്ച് തുടർനടപടി സ്വീകരിക്കും. ജില്ല കലക്ടർ മുഖേനയാണ് അന്വേഷണം നടത്തുക. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യമെങ്കിൽ പരാതിക്കാരിൽനിന്ന് നേരിട്ട് വിവരശേഖരണം നടത്തും. കലക്ടർമാർ ശിപാർശകളോടുകൂടി ഡീലിമിറ്റേഷൻ കമീഷന് റിപ്പോർട്ട് സമർപ്പിക്കും.
പരാതികൾ കേട്ട ശേഷം അന്തിമ വിജ്ഞാപനം
തിരുവനന്തപുരം: വാർഡ് പുനർവിഭനത്തിന്‍റെ കരട് പട്ടികയിന്മേലുള്ള പരാതികളിൽ ആവശ്യമെങ്കിൽ പരാതിക്കാരെ നേരിൽ കേട്ട് കമീഷൻ തീർപ്പ് കൽപിക്കും. അതിനുശേഷം ആദ്യഘട്ട വാർഡ് പുനർവിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. ആദ്യമായാണ് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് എല്ലാ വാർഡുകളുടെയും അതിർത്തികൾ വരച്ചത്. ഇതിനായി ഇൻഫർമേഷൻ കേരള മിഷൻ തയാറാക്കിയ ‘ക്യൂഫീൽഡ്’ ആപ്പാണ് ഉപയോഗിച്ചത്. പൂർത്തീകരിച്ച മാപ്പുകൾ പൊതുജനങ്ങൾക്ക് കാണാനും പ്രിന്റ് എടുക്കാനും സുരക്ഷ ഉറപ്പാക്കി എച്ച്.ടി.എം.എൽ ഫോർമാറ്റിലാണ് വെബ്സൈറ്റിൽ ലഭ്യമാക്കിയത്. 2011ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കി വാർഡുകളുടെ എണ്ണം പുതുക്കിനിശ്ചയിച്ചിരുന്നു. പഞ്ചായത്തുകളുടെ നിയോജകമണ്ഡലങ്ങളുടെ എണ്ണം നിശ്ചയിച്ച് തദ്ദേശഭരണ വകുപ്പ് റൂറൽ ഡയറക്ടറും മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെ വാർഡുകളുടെ എണ്ണം നിശ്ചയിച്ച് സർക്കാറും വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
സ്ത്രീകൾക്കും, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുമുള്ള സംവരണ വാർഡുകളുടെ എണ്ണവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
പുതിയ വാർഡുകൾ
ഗ്രാമപഞ്ചായത്തുകളിൽ 1375, മുനിസിപ്പാലിറ്റികളിൽ 128, കോർപറേഷനുകളിൽ ഏഴ്
തിരുവനന്തപുരം: പുനർവിഭജന മാനദണ്ഡപ്രകാരം ഗ്രാമപഞ്ചായത്തുകളിൽ 1375 വാർഡുകളും മുനിസിപ്പാലിറ്റികളിൽ 128 വാർഡുകളും കോർപറേഷനുകളിൽ ഏഴ് വാർഡുകളും പുതുതായി നിലവിൽ വരും. 2024 സെപ്റ്റംബർ 24ന് വാർഡ് പുനർവിഭജനത്തിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് പുനർവിഭജനം. ആദ്യഘട്ടം ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിലും രണ്ടാംഘട്ടത്തിൽ േബ്ലാക്ക് പഞ്ചായത്തുകളിലും മൂന്നാംഘട്ടത്തിൽ ജില്ല പഞ്ചായത്തുകളിലും പുനർവിഭജനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.