കൽപറ്റയിലൂടെ രഥയാത്രയുമായി ലക്കിയും ബാദലും
text_fieldsകല്പറ്റ: കൂട്ടുകാർക്കൊപ്പമോ കുടുംബത്തിനൊപ്പമോ നഗരം ചുറ്റി ഒരു യാത്ര ചെയ്യാൻ ആഗ്രഹമുള്ള ആളാണോ നിങ്ങൾ? എങ്കിൽ നിങ്ങളെ കാത്ത് ലക്കിയും ബാദലും ഇവിടെയുണ്ട്. ബൈപാസ് ഗ്രൗണ്ടില്‍ വയനാട് അഗ്രി ഹോര്‍ട്ടി കള്‍ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന വയനാട് ഫ്ലവര്‍ ഷോ കാണാനെത്തുന്നവരെ നഗരം ചുറ്റിക്കുകയെന്ന ദൗത്യവുമായാണ് മൈസൂരുവില്‍ നിന്നെത്തിയ കുതിരകളായ ലക്കിയും ബാദലും കാത്തുനിൽക്കുന്നത്. മൈസൂരു കൊട്ടാരത്തിന് സമീപം സവാരി നടത്തുന്ന കുതിരവണ്ടികളാണ് രഥയാത്ര നടത്താനായി കൽപറ്റയിൽ എത്തിയത്.
മൈസൂരു സ്വദേശികളായ പവന്, പ്രജ്ജ്വല്‍ എന്നിവരാണ് ആറു വയസ്സുകാരനായ ലക്കിയെ നയിക്കുന്നത്. നവീന്‍, അസൂം എന്നിവരാണ് എട്ടു വയസ്സുകാരനായ ബാദലിന്റെ യജമാനന്മാർ. സവാരി നടത്താനും കുതിരകള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനും സന്ദര്‍ശകരുടെ നല്ല തിരക്കാണ്. ആറു പേരടങ്ങുന്ന ടീമിന് 600 രൂപയാണ് ഫീസ്. രാത്രിസമയത്ത് എല്‍.ഇ.ഡി ലൈറ്റുകള്‍ കത്തിച്ചുകൊണ്ട് ഓടുന്ന കുതിരവണ്ടികള്‍ കല്പറ്റക്ക് സമ്മാനിക്കുന്നത് പുതിയ കാഴ്ചാനുഭവം തന്നെയാണ്. കൂടാതെ ഹെലികോപ്ടര്‍ യാത്രയുമുണ്ട്. ബുക്കിങ് തുടരുന്നതായി സംഘാടകര്‍ അറിയിച്ചു. ഫ്ലവർ ഷോയില്‍ ക്രിസ്മസ് ദിനത്തില്‍ രാത്രി ഏഴിന് കോഴിക്കോട് കോമഡി കമ്പനി നയിക്കുന്ന മെഗാ ഷോയും അരങ്ങേറും. വെജിറ്റബ്ള്‍ ആൻഡ് ഫ്രൂട്ട് കാര്‍വിങ് മത്സരത്തിൽ റോഷ്നി പ്രകാശ് ഒന്നാം സ്ഥാനം നേടി. ട്വിങ്കിള്‍ ഷൗബാദ്, മാജിത ഖാദർ എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. ജിഷ വേണുഗോപാല്‍ പ്രത്യേക സമ്മാനത്തിനും അര്‍ഹയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.