മലയാളി വിദ്യാർഥികൾ സഞ്ചരിച്ച ബസ് ഗോവയിൽ കത്തി നശിച്ചു; തീ പടരുന്നത് കണ്ട് യാത്രക്കാർ ഇറങ്ങിയോടി -Video
text_fieldsപയ്യന്നൂർ/പനാജി: കണ്ണൂർ ജില്ലയിലെ മാതമംഗലം കുറ്റൂർ ജയ്ബീസ് കോളജ് ഓഫ് ബി.എഡിലെ വിദ്യാർഥികൾ പഠനയാത്രക്ക് പോയ ബസ് ഗോവയിൽ കത്തി നശിച്ചു. ഓടിക്കൊണ്ടിരിക്കെയുണ്ടായ അപകടത്തിൽ തലനാരിഴക്കാണ് ദുരന്തം വഴിമാറിയത്.
കഴിഞ്ഞ ദിവസമാണ് 37 വിദ്യാർഥികളും മൂന്ന് അധ്യാപകരുമടങ്ങുന്ന സംഘം രണ്ടു ദിവസത്തെ പഠനയാത്രക്ക് കുറ്റൂരിൽ നിന്നും പുറപ്പെട്ടത്. യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. യാത്ര കഴിഞ്ഞ് മടങ്ങവെ ഓൾഡ് ഗോവയുടെ അടുത്തുള്ള സാഖേലി എന്ന സ്ഥലത്തു വെച്ചാണ് തീപിടിച്ചത്. ഇവർ സഞ്ചരിച്ച കെ.എൽ.40 പി.37 27 നമ്പർ സ്വകാര്യ ടൂറിസ്റ്റ് ബസ് പൂർണ്ണമായും കത്തിനശിച്ചു.
ബസിൻ്റെ പിറകിൽ നിന്നാണ് തീയുയർന്നതെന്ന് ബസിലുണ്ടായിരുന്ന പ്രിൻസിപ്പൽ 'മാധ്യമ'ത്തോടു പറഞ്ഞു. സംഭവം കണ്ട ഉടൻ വിദ്യാർഥികളും അധ്യാപകരും ബസ് ജീവനക്കാരും ഇറങ്ങി ഓടിയതിനാൽ ദുരന്തം വഴിമാറുകയായിരുന്നു. എന്നാൽ ബസ് പൂർണ്ണമായും കത്തിനശിച്ചു. അപകടത്തിൽ വിദ്യാർഥികളുടെ ഏതാനും മൊബൈൽ ഫോണുകളും ലഗ്ഗേജും നഷ്ടപ്പെട്ടു.
ബസിൻ്റെ പിൻഭാഗത്തെ സ്പീക്കറിൽ ഷോട്ട് സർക്യൂട്ട് സംഭവിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. നഗരപാതയിലല്ലാത്തതിനാലും തീ പുറത്തേക്ക് പടരാത്തതിനാലും വൻ ദുരന്തമാണ് ഒഴിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.