പൊള്ളാച്ചിയിൽ 160 ഏക്കറിൽ ലുലുവിന്റെ കാർഷിക പദ്ധതികൾ
text_fieldsപൊള്ളാച്ചി ഗണപതി പാളയത്ത് തുടക്കമിട്ട ലുലു ഫെയർ കാർഷിക പദ്ധതികളുടെ ഉദ്ഘാടനത്തിൽ ചെറിയ ഉള്ളി തൈകൾ നടുന്ന കർഷർ
പൊള്ളാച്ചി: തദ്ദേശീയ കർഷകർക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആഗോള കാർഷിക ഉൽപ്പാദന പദ്ധതിക്ക് പൊള്ളാച്ചിയിൽ തുടക്കമിട്ടു. സുരക്ഷിതമായ കൃഷിക്കൊപ്പം നിലയുറപ്പിച്ച് ലുലു എന്ന ലക്ഷ്യവുമായിട്ടാണ് പുതിയ കാർഷികോത്പാദന പദ്ധതിക്ക് ലുലു ഫെയർ ആരംഭം കുറിച്ചത്. ലുലു ഗ്രൂപ്പിന്റെ ഉമസ്ഥതയിലുള്ള ഗണപതി പാളയത്തെ 160 ഏക്കറിൽ കാർഷികോൽപ്പാദനത്തിന്റെ വിത്തിടൽ കർമ്മം നടന്നു.
ആദ്യഘട്ടത്തിൽ 50 ഏക്കറിലാണ് കൃഷി തുടങ്ങുന്നത്. വാഴ, തെങ്ങ്, മുരിങ്ങ, ചെറിയ ഉള്ളി, പടവലം തുടങ്ങി നിത്യോപയോഗ പച്ചക്കറികൾ ഏറ്റവും ഗുണമേന്മയോടെ ആഗോള വിപണിയിലേക്ക് എത്തിക്കുകയാണ് ലുലുവിന്റെ ലക്ഷ്യം. തദ്ദേശീയ കർഷകർക്കുള്ള ലുലുവിന്റെ പിന്തുണയ്ക്കൊപ്പം ആഗോള ഗുണനിലവാരമുള്ള പച്ചക്കറി, പഴ വർഗങ്ങൾ ഇനി ലുലു തന്നെ നേരിട്ട് കൃഷി ചെയ്യും.
ഏറ്റവും ഗുണ നിലവാരത്തിൽ കാർഷിക വിളകളുടെ കയറ്റുമതി സാധ്യമാകുകയാണ് ലക്ഷ്യം. ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ എം.എ സലീം വാഴ വിത്തും, തെങ്ങിൻ തൈകളും,ചെറിയ ഉള്ളി തൈകളും, മുരിങ്ങ , പാവൽ എന്നിവ നട്ടു കൊണ്ടായിരുന്നു പദ്ധതിയുടെ തുടക്കം. കൂടാതെ ലുലു ഫിഷ് ഫാമിങ്ങിന്റെ ഭാഗമായി 5000 മത്സ്യക്കുഞ്ഞുങ്ങളേയും നിക്ഷേപിച്ചു. രാവസവളം ഒഴിവാക്കി ജൈവീകമായ വളമുപയോഗിച്ചാകും കൃഷി നടത്തുക. പൊള്ളച്ചായിലെ മണ്ണിലെ ഫലഭൂഷിടിയെ പരമാവധി പ്രയോജനപ്പെടുത്തിയാകും കൃഷിരീതി.
പുതിയ ചുവടുവയ്പ്പ് കാർഷിക മേഖലക്കും തദ്ദേശീയരായ കർഷകർക്കുമുള്ള ലുലു ഗ്രൂപ്പിന്റെ പിന്തുണയാണെന്ന് എം.എ സലീം പ്രതികരിച്ചു. ഇതൊരു പുതിയ തുടക്കമാണ്, കർഷകർക്ക് പിന്തുണ നൽകി ഏറ്റവും ഗുണനിലവാരത്തിൽ ആഗോള കമ്പോളത്തിലേക്ക് കാർഷികോൽപന്നങ്ങൾ എത്തിക്കാൻ ലുലു ഫെയറിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഗണപതിപാളയം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥികൾക്ക് കാർഷിക വിളകളുടെ വിത്തുകളും തൈകളും എം.എ സലീം കൈമാറി. സീനിയർ അഗ്രികൾച്ചുറൽ കൾസൾട്ടന്റമാരായ ശങ്കരൻ, കാർത്തികേയൻ, ലുലു ഗ്രൂപ്പ് ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ് ഡയറക്ടർ സുൽഫീക്കർ കടവത്ത്, ലുലു എക്സ്പോർട്ട് ഹൗസ് സി.ഇ.ഒ. നജീമുദ്ദീൻ, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് , ദുബായ് ലുലു ഫ്രൂട്സ് ആന്റ് വെജിറ്റബിൾസ് ബയ്യിങ് മാനേജർ സന്തോഷ് മാത്യു എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.