ഒറ്റത്തവണ തീർപ്പാക്കൽ; കാലാവധി നീട്ടാൻ കെ.എസ്.ഇ.ബി; ആവശ്യം തള്ളി റെഗുലേറ്ററി കമീഷൻ
text_fieldsപാലക്കാട്: ഒറ്റത്തവണ തീർപ്പാക്കൽ കാലാവധി നീട്ടണമെന്നും ഒരു വർഷത്തിലേറെ കുടിശ്ശികയുള്ളവർക്കുകൂടി പദ്ധതി ബാധകമാക്കണമെന്നുമുള്ള കെ.എസ്.ഇ.ബിയുടെ ആവശ്യം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ തള്ളി. പദ്ധതി കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ മുൻ മാനദണ്ഡങ്ങൾ മാറ്റേണ്ടെന്നും കമീഷൻ അറിയിച്ചു.
അഞ്ചുമാസവും 12 ദിവസവും അനുവദിച്ചിട്ടും ആനുകൂല്യം ഉപയോഗപ്പെടുത്താത്തവർക്കായി അടുത്ത മാർച്ച് വരെ നീട്ടണമെന്ന് വാദിക്കുന്നതിൽ അർഥമില്ലെന്നാണ് കമീഷൻ വിലയിരുത്തൽ. നിലവിൽ രണ്ടു വർഷം കുടിശ്ശികയുള്ളവർക്കാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. പൊതു തെളിവെടുപ്പിന് ശേഷം കമീഷൻ അംഗീകരിച്ചതാണിത്. ഇനി നിബന്ധനകളിൽ മാറ്റം വരുത്തുന്നത് ശരിയല്ല. അത് നിയമക്കുരുക്കിനിടയാക്കിയേക്കുമെന്നും കമീഷൻ വിശദീകരിച്ചു.
അതേസമയം, ട്രഷറി നിയന്ത്രണം കാരണം തുക അനുവദിക്കാൻ സർക്കാർ തലത്തിൽ വിലക്കുണ്ടെങ്കിൽ വകുപ്പുകൾക്കായി മാർച്ച് വരെ തീർപ്പാക്കൽ പദ്ധതി നീട്ടാൻ കമീഷൻ അനുമതി നൽകി. എന്നാൽ, ഈ ഇളവ് പൊതുമേഖല സ്ഥാപനങ്ങൾക്കും സർക്കാർ ഏജൻസികൾക്കും അനുവദിക്കില്ല. വേണമെങ്കിൽ പദ്ധതി ആനുകൂല്യം പ്രത്യേക കേസുകളായി അനുവദിക്കുന്നതിൽ തെറ്റില്ലെന്നും കമീഷൻ അഭിപ്രായപ്പെട്ടു.
രണ്ടു വർഷത്തിൽ കൂടുതൽ കുടിശ്ശിക വരുത്തിയവർക്കാണ് ഒറ്റത്തവണ തീർപ്പാക്കാനായി പിഴപ്പലിശയിൽ വൻ ഇളവ് വരുത്തിയത്. ജൂലൈ 20ന് തുടങ്ങിയ സമയപരിധി ഡിസംബർ 31ന് തീരാനിരിക്കവേയാണ് സമയപരിധി 2024 മാർച്ച് വരെ നീട്ടാനുള്ള അപേക്ഷ കമീഷൻ നിരസിച്ചത്. 2023 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം 3260.09 കോടി രൂപയാണ് കുടിശ്ശിക പിരിഞ്ഞുകിട്ടാനുള്ളത്. 2019ൽ 6.52 കോടി രൂപ, 2021ൽ 12.34 കോടി, 2022ൽ 3.61 കോടി എന്നിങ്ങനെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ലഭിച്ചിരുന്നു.
രണ്ടു മുതൽ അഞ്ചു വരെ വർഷം കുടിശ്ശിക വരുത്തിയവർക്ക് ആറു ശതമാനം, അഞ്ചു മുതൽ 15 വരെ വർഷം അഞ്ചു ശതമാനം, 15 വർഷത്തിൽ കൂടുതലുള്ളവർക്ക് നാലു ശതമാനം എന്നിങ്ങനെയാണ് ഒറ്റത്തവണ പിഴയായി നിശ്ചയിച്ചിട്ടുള്ളത്. 18 ശതമാനം വരെ പിഴപ്പലിശ ചുമത്തിയതാണ് ഇളവ് ചെയ്തത്. ഗാർഹിക ഉപഭോക്താക്കൾ 272.88 കോടി, സർക്കാർ വകുപ്പുകൾ 135.61 കോടി, വാട്ടർ അതോറിറ്റി 1472.74 കോടി, പൊതുമേഖല സ്ഥാപനങ്ങൾ 1646 കോടി, സ്വകാര്യ സ്ഥാപനങ്ങൾ 962.65 കോടി എന്നിങ്ങനെ കുടിശ്ശിക വരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.