സ്കൂൾ തുറക്കുന്ന ദിവസം മുതൽ ഉച്ചഭക്ഷണം
text_fieldsചെറുവത്തൂർ: സ്കൂൾ തുറക്കുന്ന നവംബർ ഒന്നു മുതൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഉച്ചഭക്ഷണം വിളമ്പും. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പോഷകസമൃദ്ധവും ഗുണമേന്മയുള്ള ഉച്ചഭക്ഷണമാണ് കുട്ടികൾക്ക് വിളമ്പേണ്ടത്. ഇതിനായുള്ള മുന്നൊരുക്കങ്ങൾ നടത്താൻ വിദ്യാലയ അധികൃതർക്ക് നിർദേശം നൽകും.
സ്കൂൾ തുറക്കുന്ന ആദ്യത്തെ രണ്ടാഴ്ച പരീക്ഷണഘട്ടമായതിനാൽ ഭക്ഷണം വിളമ്പില്ലെന്ന നിർദേശമായിരുന്നു തുടക്കത്തിൽ വന്നത്. കുട്ടികൾക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഉച്ചവരെ മാത്രമേ ക്ലാസുകൾ ഉണ്ടാവുകയുള്ളൂ. എന്നാൽ, സ്കൂൾ വിട്ട് വീട്ടിലെത്താൻ നേരംവൈകുന്ന കുട്ടികൾ ധാരാളമുണ്ടെന്നതും, അവരുടെ അന്നം മുടങ്ങുമെന്നുമുള്ള തിരിച്ചറിവിനെ തുടർന്നാണ് തീരുമാനം മാറ്റിയത്.
സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഭക്ഷണം നൽകും. അരി, പയറുവർഗം, എണ്ണ, കൊഴുപ്പ്, തേങ്ങ എന്നിവ അടങ്ങിയ ഭക്ഷണമാണ് വിളമ്പുക. ഇതിനായി ഉച്ചഭക്ഷണ കമ്മിറ്റി ഓരോ വിദ്യാലയത്തിലും രൂപവത്കരിക്കണം. 28നുള്ളിൽ യോഗം ചേർന്ന് ഉച്ചഭക്ഷണം വിളമ്പാനുള്ള ഒരുക്കങ്ങൾ നടത്തണം.
എസ്.എം.സി, പി.ടി.എ, എം.പി.ടി.എ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായം ഉറപ്പാക്കി വേണം ഉച്ചഭക്ഷണം വിളമ്പാൻ. ഓരോ മാസവും വിളമ്പുന്ന ഭക്ഷണത്തിെൻറ മെനു മാസാരംഭത്തിൽതന്നെ തയാറാക്കണം. ചെറുപയർ, വൻപയർ, കടല, ഗ്രീൻപീസ്, മുതിര തുടങ്ങി ശാരീരികവും മാനസികവുമായ വളർച്ചക്ക് പ്രയോജനമേകുന്ന വിഭവങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തും. ആഴ്ചയിൽ ഒരു ദിവസം മുട്ട, പാൽ എന്നിവയും വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.