നവകേരള സദസ്സ്: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ആഢംബര ബസ് കേരളത്തിലേക്ക് പുറപ്പെട്ടു -VIDEO
text_fieldsബംഗളൂരു: നവകേരള സദസ്സിനുള്ള യാത്രക്കായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ആഢംബര ബസ് കേരളത്തിലേക്ക് പുറപ്പെട്ടു. ബെംഗളൂരുവിലെ ലാല്‍ബാഗിലെ ബസ് ബോഡി നിര്‍മിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസില്‍ നിന്ന് ഇന്ന് വൈകിട്ട് 6.30ഓടെയാണ് ബസ് കേരളത്തിലേക്ക് പുറപ്പെട്ടത്. നാളെ നവകേരള സദസ്സ് ആരംഭിക്കുന്ന കാസര്‍കോടേക്കാണ് ബസ് എത്തിക്കുക.
ബസ് പുലര്‍ച്ചെ തന്നെ കാസര്‍കോട് എത്തും. ബെംഗളൂരുവിലെ എസ്.എം കണ്ണപ്പ ഓട്ടോമൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (പ്രകാശ്) ആണ് അത്യാധുനിക സൗകര്യങ്ങളുള്ള ബസിന്‍റെ ബോഡി നിര്‍മിച്ചത്. കറുപ്പു നിറത്തില്‍ ഗോള്‍ഡന്‍ വരകളോടെയുള്ള ഡിസൈനാണ് ബസ്സിന് നല്‍കിയിരിക്കുന്നത്. ബസിന് പുറത്ത് കേരളം ദൈവത്തിന്‍റെ സ്വന്തം നാട് എന്ന കേരള ടൂറിസത്തിന്‍റെ ടാഗ് ലൈനും ഇംഗ്ലീഷില്‍ നല്‍കിയിട്ടുണ്ട്.
ബെന്‍സിന്‍റെ ഷാസിയാണ് ഉപയോഗിച്ചിരിക്കുന്നത്. 25 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന ഈ ആഢംബര ബസിലായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിന്‍റെ ഭാഗമായി വിവിധ ജില്ലകളിലേക്ക് സഞ്ചരിക്കുക. അതേസമയം, ഒരു കോടി അഞ്ച് ലക്ഷം ചെലവിട്ട് ഇറക്കുന്ന ബസ്സ് ധൂർത്തിന്റെ ഒടുവിലത്തെ ഉദാഹരണമെന്നാണ് പ്രതിപക്ഷ ആക്ഷേപം. എന്നാല്‍, മന്ത്രിമാർ സ്വന്തം വാഹനങ്ങൾ വിട്ട് പ്രത്യേക ബസിൽ പോകുന്നത് വഴി ചെലവ് കുറയുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ വാദം. മുഖ്യമന്ത്രിക്ക് പ്രത്യേക മുറിയും ഓരോ മന്ത്രിമാർക്കും പ്രത്യേകം സീറ്റുകൾ.
ബയോ ടോയ്ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവർക്ക് അടുത്ത് മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ സ്പോട് ലൈറ്റുള്ള സ്പെഷ്യൽ ഏരിയ തുടങ്ങിയവയാണ് ബസ്സിലുള്ളതെന്നാണ് വിവരം. ആഢംബര ബസ് വാങ്ങാൻ കഴിഞ്ഞ ദിവസമാണ് ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ചത്. 1 കോടി അഞ്ച് ലക്ഷം ഷാസിക്ക് പുറത്തുള്ള തുകയാണെന്നും കേൾക്കുന്നു. ബെന്‍സിന്‍റെ ഷാസിക്ക് മാത്രം 35 ലക്ഷം വേറെ ഉണ്ടെന്നും വിവരമുണ്ട്. എസ് എം കണ്ണപ്പയുടെ മാണ്ഡ്യയിലെ ഫാക്ടറിയിലാണ് ബസിന്‍റെ ബോഡി നിര്‍മിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.