യുവതിയെയും കൊണ്ട് ഒളിച്ചോടിയ യുവാവ് മർദ്ദനമേറ്റ് മരിച്ചു
text_fieldsഗുരുവായൂർ: വിവാഹിതയായ യുവതിയുമൊത്ത് ലോഡ്ജിൽ താമസിച്ചയാൾ മർദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. പാവറട്ടി മരുതയൂർ അമ്പാടി സന്തോഷാണ് (43) മരിച്ചത്. ഏപ്രിൽ 23ന് ഗുരുവായൂർ കിഴക്കേനടയിലെ ലോഡ്ജിലാണ് ആക്രമണം നടന്നത്. യുവതിയുടെ ബന്ധുക്കൾ സന്തോഷിനെ ലോഡ്ജിന് മുന്നിലിട്ട് ആക്രമിക്കുകയായിരുന്നു.
ആക്ട്‌സ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. തലക്ക് സാരമായ പരിക്കേറ്റതിനാൽ പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സന്തോഷിെൻറ ബന്ധുക്കളുടെ പരാതിയെ തുടർന്ന് യുവതിയുടെ ഭർത്താവ് മുതുവട്ടൂർ കുന്നത്തുള്ളി ദിനേഷ് (47), ബന്ധു നെല്ലുവായ് മുട്ടിൽ പാണ്ടികശാല വളപ്പിൽ മഹേഷ് (32) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. കണ്ടാലറിയുന്ന രണ്ടാളുടെ പേരിൽ കൂടി കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച 10.30ഓടെയാണ് സന്തോഷ് മരിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സന്തോഷും ദിനേഷും സുഹൃത്തുക്കളായിരുന്നു. മരക്കച്ചവടക്കാരനായ സന്തോഷ് ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. ഇയാൾ ദിനേശിെൻറ ഭാര്യയുമായി അടുപ്പത്തിലായി. ഒരാഴ്ച മുമ്പ് സന്തോഷിനൊപ്പം യുവതി വീടുവിട്ടു. ഇവരെ അന്വേഷിച്ചപ്പോൾ ഗുരുവായൂരിലെ ലോഡ്ജിലുണ്ടെന്ന് വിവരം ലഭിച്ചു.
രണ്ടുപേരും പൊള്ളാച്ചിയിലേക്ക് പോകാനൊരുങ്ങുമ്പോഴായിരുന്നു ദിനേഷും ബന്ധുക്കളും ലോഡ്ജിലെത്തിയത്. റിമാൻഡിലുള്ള പ്രതികൾക്കെതിരെ കൊലപാതകത്തിന് കേസെടുക്കുമെന്ന് ടെമ്പിൾ സ്റ്റേഷൻ ഓഫിസർ സുനിൽകുമാർ പറഞ്ഞു. സന്തോഷിനെ മർദിക്കുന്നതിെൻറ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.