എം.ഐ ഷാനവാസ് എം.പി അന്തരിച്ചു
text_fieldsചെന്നൈ: മുതിർന്ന കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ എം.ഐ ഷാനവാസ് (67) അന്തരിച്ചു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ െ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അന്ത്യം. ശസ്ത്രക്രിയക്കുശേഷമുണ്ടായ അണുബാധയെ തുടർന്നാണ് ആരോഗ്യനില വഷളായത്. കെ.പി.സി.സി വർക്കിങ് പ്രസിഡൻറു കൂടിയായിരുന്നു ഷാനവാസ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ മാസം 31നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവംബർ രണ്ടിനായിരുന്നു ശസ്ത്രക്രിയ.ഭാര്യ: ജുബൈരിയത്ത് ബീഗം. മക്കൾ: അമീന ഷാനവാസ്, ഹസീബ് ഷാനവാസ്. മരുമകൻ: മുഹമ്മദ് ഹനീഷ് ഐ.എ.എസ്.
എറണാകുളത്തെ പ്രശസ്ത അഭിഭാഷകൻ എം.വി. ഇബ്രാഹിം കുട്ടിയുടെയും നൂർജഹാൻ ബീഗത്തിെൻറയും രണ്ടാമത്തെ മകനായി 1951 സെപ്റ്റംബർ 22ന് കോട്ടയത്ത് ജനിച്ചു. ആലപ്പുഴ എടത്വാക്കടുത്ത നീരേറ്റുപുറമാണ് സ്വദേശം. ആലപ്പുഴ എസ്.ഡി.വി ഹൈസ്കൂൾ, എസ്.ഡി കോളജ് എന്നീ സ്ഥാപനങ്ങളിലെ പഠനശേഷം കോഴിേക്കാട് ഫാറൂഖ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. എറണാകുളം ലോ കോളജിൽനിന്ന് നിയമ ബിരുദവും കരസ്ഥമാക്കി.
സ്കൂൾ പഠനകാലത്തുതന്നെ കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തി. 1969ൽ കെ.എസ്.യുവിെൻറ അമ്പലപ്പുഴ താലൂക്ക് പ്രസിഡൻറായി. 1970ൽ കെ.എസ്.യു ആലപ്പുഴ ജില്ല സെക്രട്ടറിയും 1971ൽ കോഴിക്കോട് ജില്ല സെക്രട്ടറിയും പിന്നീട് കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാനുമായി. 1978ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറായി. 1982ൽ കെ.പി.സി.സി ജോ. സെക്രട്ടറി,1983 മുതൽ 1992 വരെ കെ.പി.സി.സി ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു.
1987, 1991 വർഷങ്ങളിൽ വടക്കേക്കര നിയമസഭ മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും സി.പി.എം സ്ഥാനാർഥി എസ്. ശർമയോട് നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ടു. തുടർന്ന് ചിറയിൻകീഴ് ലോക്സഭ മണ്ഡലത്തിൽനിന്ന് 1999ലും 2004 ലും വർക്കല രാധാകൃഷ്ണനെതിരെ മത്സരിച്ചെങ്കിലും മൂവായിരത്തോളം വോട്ടുകൾക്ക് തോറ്റു. എന്നാൽ, തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ 2009ൽ വയനാട് ലോക്സഭ മണ്ഡലത്തിൽനിന്ന് 1,53,439 വോട്ടിെൻറ റെേക്കാഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. 2014ൽ അതേ മണ്ഡലത്തിൽ വീണ്ടും വിജയിച്ചെങ്കിലും ഭൂരിപക്ഷം 20,870 വോട്ടായി കുറഞ്ഞു.
കോൺഗ്രസ് പ്രവർത്തകരുടെ ഇടയില്‍ ഷാജി എന്നപേരിൽ അറിയപ്പെടുന്ന ഷാനവാസ്, കെ.കരുണാകരെൻറ വലംകൈയായിരുന്നു. പിന്നീട് ലീഡറുമായി അകലേണ്ടി വന്നു. കോൺഗ്രസിലെ തിരുത്തൽവാദി നേതാക്കളിലൊരാളായിരുന്നു. ലോക്സഭാംഗം എന്ന നിലയിൽ പാർലമെൻറിലെ മാനവ വിഭവശേഷി വികസന സ്റ്റാൻഡിങ് കമ്മിറ്റി അംഗം, എം.പി ലാഡ്സ് അംഗം, ന്യൂനപക്ഷ മന്ത്രാലയം ഉപദേശക സമിതി അംഗം എന്നീ ചുമതലകളും വഹിച്ചു.
ചാനൽ ചർച്ചകളിൽ കോണ്‍ഗ്രസിെൻറ നാവായിരുന്ന ഷാനവാസ് പ്രതിസന്ധികളില്‍ കോണ്‍ഗ്രസിന് പ്രതിരോധമൊരുക്കുന്ന മുന്നണിപ്പടയാളിയായിരുന്നു. മാറാട് സമാധാന ഉടമ്പടിയിലും നരേന്ദ്രന്‍ കമീഷന്‍ പാക്കേജിലും തുടങ്ങി സച്ചാര്‍ റിപ്പോര്‍ട്ടിെൻറ അടിയൊഴുക്കുകളില്‍ വരെ തികഞ്ഞ നീതിബോധത്തോടെ തെൻറതായ സംഭാവന അർപ്പിച്ച നേതാവാണ്. ഉച്ചയോടെ മൃതദേഹം വിമാനമാർഗം കൊച്ചിയിലെത്തിക്കും. മൂന്നു മണിക്ക് എറണാകുളം ടൗൺഹാളിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കും. ഖബറടക്കം നാളെ എസ്.ആർ.എം റോഡിലെ തോട്ടത്തുംപടി പള്ളി ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.