എന്നും ഒാർമിക്കപ്പെടുന്ന എം.കെ.ഡി
text_fieldsആറു ദശാബ്ദത്തിലധികം മജിസ്ട്രേറ്റ് കോടതി തൊട്ട് സുപ്രീംകോടതിവരെ അഭിഭാഷകവൃത്തിയുടെ ഉന്നതമായ പാരമ്പര്യം ഉയർത്തിപ്പിടിച്ച് അഡ്വക്കറ്റ് ജനറൽ പദവി വരെയെത്തിയ സംസ്ഥാനത്തെ അഭിഭാഷകരംഗത്തെ കുലപതിയുടെ വേർപാടാണ് അഡ്വ. എം.കെ. ദാമോദരെൻറ നിര്യാണംമൂലമുണ്ടായത്.
കേസിലെ എതിർകക്ഷിയെ കോടതിമുറിക്കുള്ളിൽ മാത്രം ഒതുക്കി സ്നേഹാദരവുകളോടെ പെരുമാറുന്ന സ്വഭാവത്തിന് ഉടമയായിരുന്നു അഭിഭാഷകർക്കിടയിൽ ‘എം.കെ.ഡി’യെന്നും അടുത്ത സുഹൃത്തുക്കൾക്കിടയിൽ ‘ദാമുവേട്ടനെ’ന്നും അറിയപ്പെട്ട എം.കെ. ദാമോദരൻ.
1981ൽ ഇൗ ലേഖകൻ തലശ്ശേരി ജില്ല കോടതിയിൽ പ്രാക്ടിസ് ആരംഭിക്കുേമ്പാൾ എം.കെ. ദാമോദരൻ തലശ്ശേരിയിൽനിന്ന് പ്രാക്ടിസ് എറണാകുളത്തേക്ക് മാറ്റിയിരുന്നു. എത്ര സങ്കീർണമായ കേസും അവതരിപ്പിക്കുന്നതിൽ എം.കെ. ദാമോദരെൻറ കഴിവ് അഭിഭാഷകസമൂഹവും ന്യായാധിപന്മാരും എന്നും അംഗീകരിച്ചുവന്നിരുന്നതാണ്. എത്ര കോപാകുലനായ ന്യായാധിപനെയും വിനയംകൊണ്ട് കീഴടക്കുന്ന ‘എം.കെ.ഡി സ്റ്റൈൽ’ അഭിഭാഷകർക്കിടയിൽ സുപരിചിതമാണ്.
1983ൽ തലശ്ശേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതിയിൽ ആർ.എസ്.എസ്-മാർക്സിസ്റ്റ് സംഘട്ടനങ്ങളുടെ ഭാഗമായ ഒരു സെഷൻസ് കേസിൽ കർക്കശ സ്വഭാവശാലിയായിരുന്ന ജഡ്ജി പ്രതിഭാഗത്തിനുവേണ്ടി ഹാജരായിരുന്ന അഡ്വ. എം.കെ. ദാമോദരൻ ചോദിക്കുന്ന പല ചോദ്യങ്ങളും അപ്രസക്തം എന്നു പറഞ്ഞ് തള്ളിക്കളയുകയും ഇന്ത്യൻ തെളിവുനിയമം 165ാം വകുപ്പ് ന്യായാധിപന് നൽകുന്ന പ്രത്യേകാധികാരം ഉപയോഗിച്ച് സാക്ഷികളോട് നേരിട്ട് ചോദിച്ച് വ്യക്തത വരുത്തുകയും ചെയ്യുന്ന ഒരു അസാധാരണ സംഭവത്തിന് ഇൗ ലേഖകൻ സാക്ഷിയാവുകയുണ്ടായി. ആർ.എസ്.എസ്-മാർക്സിസ്റ്റ് നേതാക്കന്മാർ ചേരിതിരിഞ്ഞ് കോടതിക്കകത്തും പുറത്തും തിങ്ങിക്കൂടിയിരുന്നു അന്ന്.
അക്ഷമനായ എം.കെ. ദാമോദരൻ ആ ന്യായാധിപനോട് വളരെ വിനയാന്വിതനായി നടത്തിയ അഭ്യർഥന അഭിഭാഷകർക്കിടയിലും കോടതിമുറിയിൽ തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിനും വിസ്മയം ജനിപ്പിക്കുകയുണ്ടായി. ഇതായിരുന്നു വിനീതമായ അഭ്യർഥന: ‘‘എെൻറ സാക്ഷിയോടുള്ള ചോദ്യങ്ങൾ ഒരുപക്ഷേ, അപ്രസക്തമാണെന്ന് ബഹു. കോടതിക്ക് തോന്നിയേക്കാം. എങ്കിലും ഞാൻ ഇൗ ചോദ്യം സാക്ഷിയോട് ചോദിച്ചില്ലെങ്കിൽ ഇൗ കേസ് അപ്പീൽ കോടതിയിലെത്തിയാൽ അപ്പീൽ വാദം കേൾക്കുന്ന ജഡ്ജി ഇൗ സാക്ഷിമൊഴി വായിക്കാനിടവന്നാൽ ഏതു വിഡ്ഢിയാണ് ഇൗ സാക്ഷിയെ എതിർവിസ്താരം ചെയ്തതെന്ന് ചോദിച്ചേക്കാം. അത്തരമൊരു ചോദ്യം അപ്പീൽ കേൾക്കേണ്ടിവരുന്ന ന്യായാധിപനിൽനിന്ന് ഉയരുന്ന സാഹചര്യം ഒഴിവാക്കാനെങ്കിലും എന്നെ ഇൗ ചോദ്യങ്ങൾ ചോദിക്കാൻ അനുവദിക്കണം.’’
അഡ്വ. ദാമോദരെൻറ അഭ്യർഥനയോടുകൂടി അതുവരെ വാചാലനായ ന്യായാധിപൻ എത്ര ചോദ്യങ്ങളും വേണ്ടുവോളം ചോദിക്കൂ എന്നുപറഞ്ഞ് സാക്ഷിമൊഴി രേഖപ്പെടുത്തുകയായിരുന്നു. പാനൂർ സോമൻ വധക്കേസിൽ ദിവംഗതനായ കുഞ്ഞിരാമ മേനോനൊത്ത് ചില പ്രതികൾക്കുവേണ്ടി തലശ്ശേരി സെഷൻസ് കോടതിയിൽ എം.കെ. ദാമോദരൻ ഹാജരായിരുന്നു. സി.ബി.െഎ അന്വേഷിച്ച സംസ്ഥാനത്തെ ആദ്യത്തെ കേസ് എന്ന നിലയിൽ നിരവധി ബാലിസ്റ്റിക് വിദഗ്ധരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചപ്പോൾ അവരെ എതിർവിസ്താരം ചെയ്യാൻ മാസങ്ങളോളം നീണ്ട ഗൃഹപാഠമാണ് അദ്ദേഹവും ജൂനിയർമാരും ചെയ്തത്.
തലശ്ശേരി മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ദാമോദരൻ, അഭിഭാഷകവൃത്തിയോടൊപ്പം രാഷ്ട്രീയത്തിലും താൽപര്യം കാണിച്ചിരുന്നെങ്കിൽ കേരള രാഷ്ട്രീയത്തിലെ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കാൻ സാധിക്കുമായിരുന്നു. 2011 ജൂണിൽ ഞാൻ കേരള ഹൈകോടതിയിൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലായി നിയമിക്കപ്പെട്ടപ്പോൾ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിക്കുകയുണ്ടായി. സംസ്ഥാന സർക്കാറിനെതിരെ സുപ്രീംകോടതിയിൽനിന്ന് കേസ് ജയിച്ച് ഡി.ജി.പി സ്ഥാനത്ത് തിരിച്ചെത്തിയ ടി.പി. സെൻകുമാറും ഇൗ ലേഖകനുമൊത്ത് എം.കെ. ദാമോദരൻ ഒരു ഇഫ്താറിൽ പെങ്കടുത്തതിലെൻറ സൗഹൃദ നിമിഷങ്ങൾ ഒരിക്കലും മറക്കാനൊക്കില്ല.
(മുൻ ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ ആണ് ലേഖകൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.