എം.എം. മണിയുള്ള പാർട്ടിയിൽ ഇനിയില്ല -എസ്. രാജേന്ദ്രൻ
text_fieldsതൊടുപുഴ: തന്നെ കൈകാര്യം ചെയ്യണമെന്ന് തോട്ടം തൊഴിലാളികളോട് ആഹ്വാനം ചെയ്ത മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം.എം. മണിക്കെതിരെ രൂക്ഷ വിമർശനവുമായി പാർട്ടിയുടെ മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ.
എം.എം. മണിയെപ്പോലുള്ളവർ നേതാക്കളായി തുടരുന്ന പാർട്ടിയിൽ പ്രവർത്തിക്കാൻ ഇനി താനില്ലെന്ന് രാജേന്ദ്രൻ തുറന്നടിച്ചു. മണിക്ക് സമനില തെറ്റിയിരിക്കുകയാണെന്നും തനിക്കെതിരെ പച്ചക്കള്ളമാണ് പ്രസംഗിക്കുന്നതെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
ഞായറാഴ്ച പഴയ മൂന്നാറിൽ നടന്ന ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) വാർഷിക സമ്മേളനത്തിലായിരുന്നു രാജേന്ദ്രനെതിരെ മണിയുടെ വിവാദ പരാമർശങ്ങൾ. പാർട്ടിയോട് നന്ദികേട് കാണിച്ച രാജേന്ദ്രനെ വെറുതെവിടരുതെന്നും ശരിയാക്കണമെന്നുമായിരുന്നു തൊഴിലാളികളോട് മണിയുടെ ആഹ്വാനം.
എന്നാൽ, തോട്ടം തൊഴിലാളികളെ തമ്മിലടിപ്പിക്കുകയാണ് മണിയുടെ ലക്ഷ്യമെന്നാണ് രാജേന്ദ്രന്‍റെ മറുപടി. താൻ കൂടി അധ്വാനിച്ച് ഉണ്ടാക്കിയ ഒരു യൂനിയന്‍റെ വേദിയിൽ വന്നിട്ടാണ് തന്നെ കൈകാര്യം ചെയ്യണമെന്ന് പ്രസംഗിച്ചത്.
പ്രതിസന്ധി ഘട്ടത്തിലെല്ലാം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചയാളാണ് താൻ. അന്ന് ഇവരാരും ഒപ്പമുണ്ടായിരുന്നില്ല. പെട്ടിമുടിയിലെ ആളുകളോട് നീതി കാണിക്കാത്തവരാണ് തനിക്കെതിരെ പറയുന്നത്.
മണിയെക്കൊണ്ട് ചിലർ തനിക്കെതിരെ പറയിപ്പിക്കുകയാണ്. ഉണ്ട ചോറിന് നന്ദി കാണിച്ചിട്ടുണ്ട്. മണി ആരുടെ ചോറാണോ തിന്നുന്നത് അവരോട് നന്ദി കാണിക്കാനാണ് തന്നെ ആക്രമിക്കുന്നത്. തൊഴിലാളികൾക്കിടയിൽനിന്ന് ഒരാളും നേതാവായി ഉയർന്നുവരാൻ ഇവർ സമ്മതിക്കില്ല. കൈകാര്യം ചെയ്യാൻ വന്നാൽ നേരിടാനുള്ള ശേഷി തനിക്കുണ്ട്.
താൻ എം.എൽ.എയുടെ ശമ്പളം കൊണ്ടാണ് ജീവിച്ചത്. തൊഴിലാളികളുടെ കൈയിൽനിന്ന് നയാപൈസ വാങ്ങിയിട്ടില്ല. വിവാദ പ്രസംഗങ്ങളിൽനിന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി മണിയെ വിലക്കണമായിരുന്നു. വരുന്ന തെരഞ്ഞെടുപ്പുകളിലും സി.പി.എമ്മിന് വോട്ട് കുറഞ്ഞേക്കും.
പാർട്ടിയിലേക്ക് തിരിച്ചുപോയാൽ അതിന്‍റെ പഴിയും താൻ കേൾക്കേണ്ടിവരും. അതിനാൽ ഇനി സി.പി.എമ്മിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അംഗത്വം മാത്രം മതി എന്നാണ് ആവശ്യപ്പെട്ടിരുന്നതെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.