എം.എം മണിയുടെ സഹോദരൻ അന്തരിച്ചു
text_fieldsഅടിമാലി (ഇടുക്കി): അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി എം.എം. മണിയുടെ സഹോദരൻ ഇടുക്കി കുഞ്ചിത്തണ്ണി ഇരുപതേക്കര്‍ മുണ്ടക്കൽ എം.എം. സനകൻ (56) മരിച്ചു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ വെള്ളത്തൂവൽ കുത്തുപാറയിലെ റോഡുവക്കില്‍ തലക്ക് പരിക്കേറ്റ് അവശനിലയില്‍ കണ്ടെത്തിയ സനകനെ പൊലീസ് സഹായത്തോടെ അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ച മൂന്നോടെയായിരുന്നു മരണം.
വാളറ പത്താംമൈലിലെ മകളുടെ വീട്ടില്‍നിന്ന് വെള്ളിയാഴ്ചയാണ് കുഞ്ചിത്തണ്ണിയിലെ വീട്ടിലേക്ക് ഭാര്യ സുഭദ്രയോടൊപ്പം പോയത്. ഉച്ചക്ക് അടിമാലി ബസ് സ്റ്റാൻഡിലെത്തി, ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. തുടർന്ന് പുറത്തേക്കിറങ്ങിയ സനകനെ കാണാതാകുകയായിരുന്നു. പിറ്റേന്ന് അബോധാവസ്ഥയിലാണ് കുത്തുപാറയിൽ കണ്ടെത്തിയത്. തലക്ക് പരിക്കേറ്റ് ചെവിയിൽനിന്ന് രക്തം ഒഴുകിയ നിലയിലായിരുന്നു.
മരണത്തിലെ ദുരൂഹത നീക്കുന്നതിനു വിശദ അന്വേഷണം നടത്തുമെന്ന് വെള്ളത്തൂവൽ പൊലീസ് അറിയിച്ചു. വാഹനം ഇടിച്ചിട്ടതോ അതല്ലെങ്കിൽ രക്തസമ്മർദം കൂടി തലചുറ്റിവീണതോ മൂലം അപകടം സംഭവിച്ചതാകാമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. സഹോദരന് സംഭവിച്ച അപകടം സംബന്ധിച്ച് വിശദ അന്വേഷണം നടത്തുമെന്ന് മന്ത്രി മണിയും പറഞ്ഞു.
മണിയുടെ ഏഴ് സഹോദരങ്ങളിൽ ഏറ്റവും ഇളയയാളാണ് സനകൻ. കോട്ടയം മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുപതേക്കറിൽ എത്തിച്ച മൃതദേഹം സഹോദരൻ എം.എം. ലംബോദരെൻറ വീട്ടിൽ പൊതുദർശനത്തിനുവെച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ തറവാട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: ടിൻറു, അശ്വതി. മരുമകന്‍: രതീഷ്.ജോയ്സ് ജോർജ് എം.പി, എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, എസ്. രാജേന്ദ്രൻ, സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ പൗലോസ് തുടങ്ങി രാഷ്ട്രീയ -സാമൂഹിക രംഗത്തെ പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.