മയ്യഴിയുടെ കഥാകാരൻ മാഹി വിടുന്നു
text_fieldsമാഹി: മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദൻ വളർന്ന തറവാട്ട് വീടും അതിനു തൊട്ടുനിർമിച്ച വീടും വിട്ട് പള്ളൂരിൽ പുതുതായി നിർമിച്ച വീട്ടിലേക്ക് താമസം മാറുകയാണ്. പ്രിയ കഥാപാത്രങ്ങളെ തനിച്ചാക്കിയാണ് മാഹി വിടുന്നത്.
ജനിച്ചു വളർന്ന മണിയമ്പത്ത് തറവാട് വീടിനോട് ചേർന്നാണ് എം. മുകുന്ദൻ ഇപ്പോൾ താമസിക്കുന്നത്. കഥകൾക്കും കഥാപാത്രങ്ങൾ പശ്ചാത്തലമായ മാഹിയും മയ്യഴി പുഴയും വിട്ട് നാല് കിലോമീറ്റർ അകലെയുള്ള മാഹിയുടെതന്നെ ഭാഗമായ പള്ളൂരിലേക്കാണ് മുകുന്ദൻ 10ന് താമസം മാറുന്നത്.
തറവാട് വീടിെൻറ പേരായ മണിയമ്പത്ത് എന്നു തന്നെയാണ് പുതിയ വീടിനും പേരു നൽകിയിരിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലാണ് ഗൃഹപ്രവേശനം നടക്കുക. അതേസമയം വേണ്ടപ്പെട്ടവരെയെല്ലാം ഫോണിൽ വിളിച്ച് ഗൃഹപ്രവേശനം അദ്ദേഹംതന്നെ അറിയിക്കുന്നുണ്ട്.
വീടും വീട്ടുമതിലും തകർത്ത് വാഹനാപകടങ്ങൾ വർധിച്ചതോടെയാണ് കഥാകാരൻ മാഹി വിടാൻ നിർബന്ധിതനായത്. മാഹി പള്ളി തിരുനാൾ ആഘോഷങ്ങൾ, ദേശീയപാതയിലെ ഗതാഗതക്കുരുക്ക് എന്നിവയുണ്ടാകുമ്പോഴുള്ള തിരക്കുകളിൽ ഞെരുങ്ങി വീർപ്പുമുട്ടുമ്പോൾ മുകുന്ദെൻറ വീടിെൻറ മുന്നിലൂടെയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്.
സെമിത്തേരി റോഡിനും ഭാരതിയാർ റോഡിനും ഇടയിലെ വളവിലെ ഇറക്കത്തിലാണ് മുകുന്ദെൻറ വീട്. ഈ ഇടുങ്ങിയ റോഡിൽ വാഹനാപകടം പതിവാണ്. നിരവധി തവണ മുകുന്ദെൻറ വീട്ട് മതിൽ വാഹനങ്ങൾ ഇടിച്ച് തകർത്തു. ഒരു തവണ വീട്ടുമുറ്റത്തുണ്ടായിരുന്ന മുകുന്ദന് പരിക്കേൽക്കുകയും ചെയ്തു.
മറ്റൊരിക്കൽ മുറ്റത്ത് നിർത്തിയിട്ട കാറിനും കാര്യമായ കേടുപാടുകൾ പറ്റുകയും ചെയ്തു. മുകുന്ദൻ ദീർഘനാൾ വിദേശത്തായിരുന്ന സമയങ്ങളിൽ അടച്ചിട്ട വീട്ടിൽ നാലുതവണ മോഷണവും നടന്നു. മാഹിയുടെ ഭാഗമായ പള്ളൂരിലേക്ക് താമസം മാറിയാലും മാഹിയിലെയും പൊതുസാംസ്കാരികരംഗങ്ങളിൽ സജീവമാകാൻ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എത്തണമെന്നാണ് ആരാധകരുടെ പ്രാർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.