നടി നിഖില വിമൽ പറഞ്ഞത് ശരി, പശുവിനെ ഭയമുണ്ടാക്കുന്ന ജീവിയാക്കി മാറ്റിയതാരാണെന്ന് ഓർക്കണം -എം. മുകുന്ദൻ
text_fieldsകോഴിക്കോട്: പശുവിനെ തൊട്ടാൽ കലാപമാകുമെന്ന സ്ഥിതി വന്നെന്നും പാവം മൃഗമാണെന്ന് പാഠപുസ്തകത്തിൽ വായിച്ച അതിനെ ഭയപ്പെടുത്തുന്ന മൃഗമാക്കി മാറ്റിയതാരാണെന്ന് ഓർക്കണമെന്നും എം. മുകുന്ദൻ. കെ.എസ്.ടി.എ സംസ്ഥാന അധ്യാപക കലോത്സവം കാരപ്പറമ്പ് ജി.എച്ച്.എസ്.എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിൽ പശുവിന് മാത്രം ഇളവ് ലഭിക്കുന്നത് ശരിയല്ലെന്നും വെട്ടുന്നില്ലെങ്കിൽ ഒന്നിനേയും വെട്ടരുതെന്നും നടി നിഖില വിമൽ പറഞ്ഞത് ശരിയാണ്. സ്ത്രീ മുഖ്യമന്ത്രി ഉണ്ടാകണമെന്നാണ് തന്റെ സ്വപ്നം. സ്ത്രീകൾക്ക് ഏതുസമയത്തും സ്വതന്ത്രരായി നടക്കാനാവാത്ത പോരായ്മ മാറണം.
വീണ്ടും ജന്മമുണ്ടെങ്കിൽ മലയാളിയായി ജനിച്ച് ഇവിടെ തന്നെ ജീവിക്കാനാണ് താല്പര്യം. ഏറ്റവും സുരക്ഷിതമായ കേരളത്തെ പിറകോട്ടുവലിക്കാന്നാണ് പലരും ശ്രമിക്കുന്നത്. അതിനെ പ്രതിരോധിക്കണം. അധ്യാപകരുടെ സൃഷ്ടിയാണ് കേരളം എന്നു പറഞ്ഞാൽ തെറ്റില്ല. അധ്യാപകർ പൂർണമാകണമെങ്കിൽ ഇടതു മനസ്സുള്ളവരാവണമെന്നും മുകുന്ദൻ പറഞ്ഞു.
കലോത്സവ സപ്ലിമെന്‍റും അദ്ദേഹം പ്രകാശനം ചെയ്തു. സംഘാടകസമിതി ജനറൽ കൺവീനർ വി.പി. രാജീവൻ ഏറ്റുവാങ്ങി. കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ, കെ. രാഘവൻ എന്നിവർ സംസാരിച്ചു. ലോഗോ തയാറാക്കിയ സിഗ്നി ദേവരാജിനെ സംസ്ഥാന പ്രസിഡന്‍റ് ഡി. സുധീഷ് ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.