വിടചൊല്ലിയ മനുഷ്യസ്നേഹി
text_fieldsദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്‍െറ മുന്‍നിര നായകനും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്‍െറ വലംകൈയുമായിരുന്ന ഇ. മൊയ്തു മൗലവിയുടെ മൂത്തമകന്‍ എം. റഷീദ് ബാപ്പയുടെ മകനായതുകൊണ്ടുമാത്രം സാമൂഹികജീവിതത്തില്‍ ഇടംപിടിച്ച വ്യക്തിയായിരുന്നില്ല. ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 1942ലെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത് പൊന്നാനി ജയിലില്‍ മൂന്നുമാസക്കാലം ഏകാന്ത തടവുശിക്ഷ അനുഭവിച്ച സാമ്രാജ്യത്വ വിരുദ്ധ പോരാളിയാണ് 92ാമത്തെ വയസ്സില്‍ ഇന്ന് (വെള്ളിയാഴ്ച) ഉച്ചക്ക് 12.30ന് ഈ ലോകത്തോട് വിടപറഞ്ഞ റഷീദ്.
പിതാവ് മൊയ്തു മൗലവി സാഹിബിന്‍െറ ജന്മശതാബ്ദി ആസന്നമായപ്പോള്‍ ഞാന്‍ അദ്ദേഹത്തോട്, ബാപ്പയുടെ പ്രായത്തെപ്പറ്റി ആരാഞ്ഞു. ‘‘കൃത്യമായി ആരും കുറിച്ചുവെച്ചിട്ടില്ല. നൂറൊന്നും ആയിട്ടില്ളെന്നാണ് ഞാന്‍ കരുതുന്നത്. ഏതായാലും ഒരു കുടുംബത്തിന്‍െറ മുഴുവന്‍ ആയുസ്സുമായി അദ്ദേഹം പൊയ്ക്കളയുമോ എന്നാണെന്‍െറ പേടി’’ -സ്വത$സിദ്ധമായ നര്‍മശൈലിയില്‍ അദ്ദേഹം പറഞ്ഞു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്‍െറ കോഴിക്കോട്ടെ അല്‍അമീന്‍ ലോഡ്ജില്‍ ഇ.കെ. ഇമ്പിച്ചിബാവ, എന്‍.പി. മുഹമ്മദ്, കെ.എ. കൊടുങ്ങല്ലൂര്‍ എന്നിവരോടൊപ്പം കഴിഞ്ഞ റഷീദ് സ്വാതന്ത്ര്യസമരനായകന്‍ എന്നതിനോടൊപ്പം അറിയപ്പെട്ട ഉല്‍പതിഷ്ണു മതപണ്ഡിതന്‍ കൂടിയായിരുന്ന ഇ. മൊയ്തു മൗലവിയുടെ മകനായിരുന്നിട്ടും മതത്തില്‍ താല്‍പര്യമൊന്നും കാണിച്ചിരുന്നില്ല. ഇ.കെ. ഇമ്പിച്ചിബാവയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റനുകൂല വിദ്യാര്‍ഥി ഫെഡറേഷന്‍െറ പ്രവര്‍ത്തകനായാണ് റഷീദ് രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. അഞ്ചു നേരത്തെ നമസ്കാരവും റമദാനിലെ വ്രതവും കൃത്യമായി അനുഷ്ഠിച്ചിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് വ്യാഴാഴ്ചതോറും സുന്നത്ത് നോമ്പുകൂടി എടുത്തിരുന്നു എന്ന് വാരാദ്യമാധ്യമം എഡിറ്ററായിരുന്ന കെ.എ. കൊടുങ്ങല്ലൂര്‍ ഒരിക്കല്‍ ഞങ്ങളോട് പറഞ്ഞപ്പോള്‍ ജ്യേഷ്ഠന്‍ ഒ. അബ്ദുല്ല ഉന്നയിച്ച കുസൃതിച്ചോദ്യം എപ്പോഴും ഓര്‍ക്കാറുണ്ട്. ‘‘അത്രത്തോളം ഭക്തനായ ആ മഹാന്‍െറ കൂടെ താമസിച്ചിട്ടും ഇമ്പിച്ചിബാവയും താങ്കളും എം. റഷീദുമെല്ലാം ഇങ്ങനെ ആയിപ്പോയതെന്തേ?’’ പക്ഷേ, പൊട്ടിച്ചിരിയായിരുന്നു കൊടുങ്ങല്ലൂരിന്‍െറ പ്രതികരണം. പക്ഷേ, പലരും ആരോപിച്ചിരുന്നപോലെ ഒരു നാസ്തികനല്ലായിരുന്നു എം. റഷീദ് എന്നാണ് പില്‍ക്കാലത്ത് അദ്ദേഹവുമായി അടുത്തിടപഴകിയപ്പോള്‍ ബോധ്യപ്പെട്ടത്. മാത്രമല്ല, നിസ്വാര്‍ഥനായ സമുദായസ്നേഹിയുമായിരുന്നു അദ്ദേഹം.

റഷീദ് കമ്യൂണിസ്റ്റായിരുന്നപ്പോള്‍ ആരോ മൊയ്തു മൗലവിയോട് പരാതിപ്പെട്ടുവത്രെ, മകന്‍ നിരീശ്വരവാദി ആയിപ്പോയല്ലോ എന്ന്. ഉടന്‍ മൗലവി പ്രതികരിച്ചതിങ്ങനെ: ‘‘എന്നാലും അവന്‍ ലീഗുകാരനായില്ലോ.’’ പഴയ സര്‍വേന്ത്യാ ലീഗിനോട് കോണ്‍ഗ്രസ് മുസ്ലിംകള്‍ക്കുണ്ടായിരുന്ന കടുത്ത എതിര്‍പ്പിനെ സൂചിപ്പിക്കുന്നതാണ് ഇക്കഥ. മലബാറിലെ ആദ്യകാല കമ്യൂണിസ്റ്റുകാരില്‍പെടുന്ന റഷീദ് പിന്നീട് എം. ഗോവിന്ദന്‍െറ അനുയായികളില്‍ ഒരാളായി മാറി. ജോസഫ് സ്റ്റാലിന്‍െറ കടുത്ത വിമര്‍ശകനായിരുന്ന എം. റഷീദ് ട്രോട്സ്കിയുടെ ആരാധകന്‍തന്നെയായിരുന്നു. കേരളത്തില്‍ ആര്‍.എസ്.പിയുടെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. ‘ചെങ്കതിര്‍’ എന്ന പേരില്‍ ഒരു ആനുകാലികം നടത്തിയിരുന്നതായി കേട്ടിട്ടുണ്ട്.
1987ല്‍ ‘മാധ്യമം’ ആരംഭിക്കുമ്പോള്‍ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍നിന്നൊഴിഞ്ഞ് എഴുത്തും വായനയുമായി കോഴിക്കോട്ടെ പഴയ അല്‍ അമീന്‍ പ്രസിനോടനുബന്ധിച്ച വീട്ടില്‍ ഭാര്യ ബീപാത്തു ടീച്ചറോടൊപ്പം കഴിയുകയാണ്. അനുജന്‍ സുബൈര്‍ അല്‍അമീന്‍ പുനര്‍ജീവിപ്പിച്ച് സായാഹ്നപത്രമായി ഇറക്കിക്കൊടുത്തിരുന്ന കാലമാണത്. ഞങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് ‘മാധ്യമ’ത്തില്‍ വായനക്കിടയില്‍ എന്ന പേരില്‍ ആഴ്ചക്കോളം എഴുതിത്തുടങ്ങി. അദ്ദേഹത്തിന്‍െറ പ്രത്യേകമായ വായനാലോകത്ത് ശ്രദ്ധയില്‍പെട്ട പുതുമയുള്ള കാര്യങ്ങളായിരുന്നു പ്രധാനമായും ഉള്ളടക്കം. ഒപ്പം വായനക്കാര്‍ കത്തുകളിലൂടെ ആവശ്യപ്പെടുന്ന വിഷയങ്ങളിലെ ലഘുവായ കമന്‍റും ഉണ്ടാവും, മിക്ക കുറിപ്പുകളിലും സ്റ്റാലിനിട്ടൊരു കിഴുക്കും! കടുത്ത സാമ്രാജ്യത്വ വിരുദ്ധനും മാനവികതാവാദിയുമായിരുന്ന റഷീദ് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്‍െറ ജീവചരിത്രം വാരാദ്യമാധ്യമത്തില്‍ തുടര്‍ച്ചയായി എഴുതി (അത് പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകൃതമായി).
കോഴിക്കോട്ട് നടന്ന സാംസ്കാരിക പരിപാടികളിലും അദ്ദേഹം പങ്കെടുത്തുവന്നു. ‘കള്ളനല്ല മോഷ്ടാവ്’ എന്ന ശീര്‍ഷകത്തില്‍ 2016 ഫെബ്രുവരി രണ്ടിന്‍െറ മാധ്യമം നിലപാട് പേജില്‍ എഴുതിയതാണ് ഒടുവിലത്തെ സരസമായ കുറിപ്പ്: ആര്‍.എസ്.പിയുടെ മുഴുസമയ പ്രവര്‍ത്തകനായിരുന്ന നാളുകളില്‍ ഒരു ദിവസം കൊച്ചിയില്‍ രാത്രി നടക്കാനിരിക്കുന്ന യോഗത്തിന് പുറപ്പെട്ടു. തൃശൂരിലിറങ്ങവെ വിശപ്പ് സഹിക്കവയ്യാതെ ചില്ലിക്കാശ് കൈയിലില്ലാഞ്ഞതിനാല്‍ പഴയ കൂട്ടുകാരന്‍ സി. കൊച്ചനുജന്‍െറ മുറിയില്‍ കയറിച്ചെന്നതും അദ്ദേഹത്തിന്‍െറ അസാന്നിധ്യത്തില്‍ അവിടെ വെച്ചിരുന്ന ചോറ് മുഴുക്കെ തട്ടി ‘വെറുമൊരു മോഷ്ടാവായ എന്നെ കള്ളനെന്ന് വിളിക്കരുത്’ എന്ന് കുറിപ്പെഴുതിവെച്ച് സ്ഥലംവിട്ടതുമാണ് അതിന്‍െറ ഇതിവൃത്തം!
സ്നേഹ സമ്പന്നനും മനുഷ്യസ്നേഹിയുമായിരുന്ന ആ സ്വാതന്ത്ര്യസേനാനിയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് നിര്‍ത്തട്ടെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.