ലൈഫ് മിഷന്റെ മറവിൽ കള്ളപ്പണം; യു.വി. ജോസിനു മുന്നിൽ ശിവശങ്കറിനെ ചോദ്യംചെയ്തു
text_fieldsകൊച്ചി: വടക്കാേഞ്ചരി ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിെൻറ അറിവോടെ കള്ളപ്പണം ഇടപാട് നടന്നിട്ടുണ്ടോയെന്ന അന്വേഷണത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. ഇതിെൻറ ഭാഗമായി ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസിനെയും ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണക്കരാർ നേടിയ യൂനിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പനെയും ശിവശങ്കറിന് മുന്നിലിരുത്തി ചോദ്യംചെയ്തു. ശനിയാഴ്ച രാവിലെ തുടങ്ങിയ ചോദ്യംചെയ്യൽ രാത്രിയാണ് അവസാനിച്ചത്. 7.50ഓടെ ആദ്യം യു.വി. ജോസിനെയാണ് വിട്ടയച്ചത്. സന്തോഷ് ഈപ്പെൻറ ചോദ്യം ചെയ്യൽ വീണ്ടും നീണ്ടു.
വടക്കാഞ്ചേരി പദ്ധതി കരാർ നേടിയെടുക്കാൻ കമീഷൻ നൽകി ധാരണപത്രം ഒപ്പിട്ട് ഒരാഴ്ചക്ക് ശേഷം എം. ശിവശങ്കറിനെ സെക്രട്ടേറിയറ്റിലെ ഓഫിസിൽവെച്ച് കണ്ടുവെന്ന് സന്തോഷ് ഈപ്പൻ ഇ.ഡിക്ക് നേരേത്ത മൊഴി നൽകിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന വിധത്തിൽ ഇദ്ദേഹം എം.ഡിയായ യൂനിടാക് ബിൽഡേഴ്സ്, സെയ്ൻ വെഞ്ചേഴ്സ് എന്നിവയിൽനിന്ന് 1.08 കോടി കമീഷനായി ലഭിച്ചിട്ടുണ്ടെന്ന് സ്വപ്ന സുരേഷും സമ്മതിച്ചിട്ടുണ്ട്. 150 ഫ്ലാറ്റുകളുടെ നിർമാണക്കരാർ ലഭ്യമാക്കുന്നതിനാണ് കമീഷൻ ആവശ്യപ്പെട്ടത്. കമീഷൻ ലഭിച്ച ശേഷം ലൈഫ് മിഷൻ സി.ഇ.ഒയുമായി ബന്ധം സ്ഥാപിക്കാൻ ശിവശങ്കറിനെ കാണണമെന്ന് സ്വപ്ന സന്തോഷിനെ അറിയിച്ചു. അതിലൂടെ നിർമാണം ആരംഭിക്കാൻ അനുമതി നേടിയെടുക്കാമെന്നും പറഞ്ഞു. അതുപ്രകാരമാണ് സന്തോഷ് ഈപ്പൻ സെക്രട്ടേറിയറ്റിൽ ശിവശങ്കറിെൻറ കാബിനിൽ എത്തുന്നത്. ഇവിടെ വെച്ച് യു.വി. ജോസിനെ പരിചയപ്പെട്ടുവെന്നാണ് സന്തോഷ് ഈപ്പെൻറ മൊഴി.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി പ്രകാരം 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സമുച്ചയം നിര്‍മിക്കാന്‍ 70 ലക്ഷം യു.എ.ഇ ദിര്ഹത്തിെൻറ കരാറാണ് യൂനിടാക്കും യു.എ.ഇ കോണ്‍സുലേറ്റും ഒപ്പുവെച്ചത്. പദ്ധതി തുകയുടെ 20 ശതമാനം കമീഷൻ കോൺസുലേറ്റിലെ ഫിനാൻസ് ഹെഡ് ഖാലിദ് ആവശ്യപ്പെട്ടുവെന്ന് സന്തോഷ് ഈപ്പെൻറ മൊഴിയുണ്ട്.
കരാർ ലഭിക്കാൻ ഇടനിലക്കാരായ സന്ദീപ്, യദു സുരേന്ദ്രൻ, സരിത്, സ്വപ്ന എന്നിവർക്കായി 25.20 ലക്ഷം രൂപ ഇസോമോങ്ക് ട്രേഡിങ് കമ്പനിയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും സന്തോഷ് ഈപ്പൻ ഇ.ഡി മുമ്പാകെ വ്യക്തിമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.