എം. ശിവശങ്കറിന് സ്പോർട്സ്, യുവജനകാര്യ സെക്രട്ടറിയായി നിയമനം
text_fieldsതിരുവനന്തപുരം: സസ്പെൻഷൻ പിൻവലിച്ചതിനെതുടർന്ന് സർവിസിൽ തിരികെ പ്രവേശിച്ച മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എം. ശിവശങ്കറിനെ സ്പോർട്സ്, യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒന്നരവര്‍ഷക്കാലമായി സസ്പെൻഷനിലായിരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ തിരിച്ചെടുക്കാൻ കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്. സസ്പെൻഷൻ കാലാവധി തീർന്നതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാർശ അംഗീകരിച്ചാണ് മുഖ്യമന്ത്രിയുടെ നടപടി.
വ്യാഴാഴ്ച രാവിലെ 11ന് സെക്രട്ടേറിയറ്റിലെത്തി അദ്ദേഹം സർവിസിൽ പ്രവേശിച്ചു. ഏത് തസ്തികയിലേക്കാണ് നിയമനം എന്ന് വ്യക്തമാക്കാത്തതിനെ തുടർന്ന് ചീഫ് സെക്രട്ടറി മുമ്പാകെ റിപ്പോർട്ട് ചെയ്യുകയായിരുന്നു. വൈകുന്നേരത്തോടെയാണ് അദ്ദേഹത്തെ കായിക, യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചുള്ള ഉത്തരവിറങ്ങിയത്. യു.എ.ഇ കോൺസുലേറ്റിന്‍റെ പേരിൽ നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ 2020 ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്നതിന് പുറമെ ഐ.ടി സെക്രട്ടറിയുടെ ചുമതലയും അദ്ദേഹം നിർവഹിച്ച് വരികയായിരുന്നു. പിന്നീട് കസ്റ്റംസും എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റും വിജിലൻസും നടത്തിയ അന്വേഷണങ്ങളിൽ ശിവശങ്കർ പ്രതിയായി. സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിക്കേസിലുമാണ് പ്രതി ചേർത്തത്. ഇ.ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും 98 ദിവസം ജയിലിൽ കഴിയുകയും ചെയ്തു. അതിനുശേഷം നിരവധി തവണ അദ്ദേഹത്തിന്റെ സസ്പെൻഷൻ കാലാവധി നീട്ടി. ഡോളർ കേസിലും ശിവശങ്കർ പ്രതിയാണെന്ന് കസ്റ്റംസ് പറയുന്നതല്ലാതെ ഇതുസംബന്ധിച്ച കുറ്റപത്രം സമർപ്പിച്ചിട്ടില്ല. 2023 ജനുവരിവരെയാണ്ശിവശങ്കറിന്‍റെ സർവിസ് കാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.