എം. ശിവശങ്കറിന്‍റെ സസ്പെൻഷൻ പിൻവലിച്ചു; പുതിയ തസ്തിക പിന്നീട് തീരുമാനിക്കും; വീണ്ടും നിർണായക പദവിയിലേക്ക്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ സസ്പെൻഷൻ പിൻവലിച്ചു. സസ്പെൻഷൻ കാലാവധി തീർന്ന ശിവശങ്കറെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാർശ അംഗീകരിച്ച് ചൊവ്വാഴ്ച്ച രാത്രി മുഖ്യമന്ത്രി ഫയലിൽ ഒപ്പുവെക്കുകയായിരുന്നു. പുതിയ നിയമനം എവിടെയെന്ന് പിന്നീട് തീരുമാനിക്കും. ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് വൻകിട പദ്ധതികളുടെ മുഖ്യ ആസൂത്രകനായിരുന്ന ശിവശങ്കർ വീണ്ടും നിർണായക പദവിയിൽ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.
നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ശിവശങ്കറെ 2020 ജൂലൈ 16ന് ഒരുവർഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. കസ്റ്റംസും എൻഫോഴ്സ്മെന്റും വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി. സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിക്കേസിലുമാണ് പ്രതിചേർത്തത്. ഇ.ഡിയും കസ്റ്റംസും ശിവശങ്കറെ അറസ്റ്റ് ചെയ്തു. 98 ദിവസം ജയിൽവാസം അനുഭവിച്ചു. ഇതോടെ സസ്പെഷൻ പലഘട്ടങ്ങളിലായി സർക്കാർ നീട്ടി.
ഡോളർ കടത്ത് കേസിൽ കസ്റ്റംസ് ശിവശങ്കറെ പ്രതിചേർത്തെങ്കിലും കുറ്റപത്രം നൽകിയിട്ടില്ല. ഈ കേസിന്‍റെ വിശദാംശങ്ങള്‍ അറിയിക്കാൻ ചീഫ് സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകിയിരുന്നു. കഴിഞ്ഞമാസം 30ന് മുമ്പ് വിശദാംശങ്ങള്‍ അറിയിക്കാനായിരുന്നു കത്ത്. എന്നാൽ, കസ്റ്റംസ് വിവരങ്ങള്‍ അറിയിച്ചില്ല. ലൈഫ് മിഷൻ അഴിമതിക്കേസിൽ അന്വേഷണം പൂർത്തിയായില്ല. പുതിയ കേസുകളൊന്നും നിലവിലില്ലെന്നും ഒന്നര വർഷമായി സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുന്നത് നിലവിലെ അന്വേഷണങ്ങള്‍ക്ക് തടസ്സമാവില്ലെന്നുമായിരുന്നു ചീഫ് സെക്രട്ടറി വി.പി. ജോയി അധ്യക്ഷനായ സമിതിയുടെ ശിപാർശ. 2023 ജനുവരി വരെ ശിവശങ്കറിന് സർവിസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.