സ്വപ്ന ബന്ധം ഹൈകോടതിയിൽ സമ്മതിച്ച് ശിവശങ്കർ
text_fieldsെകാച്ചി: സ്വപ്ന സുരേഷുമായുള്ള അടുത്ത ബന്ധം ഹൈകോടതിയിൽ തുറന്നു സമ്മതിച്ച് എം. ശിവശങ്കർ. ഇ.ഡി കേസിനെതിരെ നൽകിയ മുൻകൂർ ജാമ്യ ഹരജിയിലാണ് വെളിപ്പെടുത്തൽ. സ്വപ്നയും കുടുംബവും സംഘടിപ്പിച്ച പൊതുചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും ജന്മദിനാശംസകൾ അയച്ചും സമ്മാനങ്ങൾ കൈമാറിയും അവരുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെന്നും ശിവശങ്കർ വ്യക്തമാക്കുന്നു.
എന്നാൽ, നയതന്ത്ര ബാഗിൽനിന്ന് കസ്റ്റംസ് സ്വർണം പിടികൂടിയപ്പോഴാണ് സ്വപ്നക്കും കൂട്ടുകാർക്കും സ്വർണക്കടത്തുണ്ടെന്ന വിവരം അറിഞ്ഞതെന്നും ഹരജിയിൽ പറയുന്നു.
സർക്കാറിലെ നിർണായക പദവിയിലായിരുന്നതിനാൽ ജോലിയുടെ ഭാഗമായി യു.എ.ഇ കോൺസുലേറ്റുമായി തനിക്ക് ബന്ധപ്പെടേണ്ടിവന്നിരുന്നു. 2018 - 19 ലെ പ്രളയകാലത്ത് സംസ്ഥാനത്ത് കുടുങ്ങിയ വിദേശികളെ രക്ഷിക്കാൻ വിവിധ വകുപ്പുകളുമായും വിദേശ പ്രതിനിധികളുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു.
സ്വപ്ന യു.എ.ഇ കോൺസുലേറ്റ് ജനറലിെൻറ സെക്രട്ടറിയായിരിക്കെ ഒൗദ്യോഗിക കാര്യങ്ങൾക്ക് കണ്ടിട്ടുണ്ട്. കോൺസുലേറ്റുമായി ചേർന്ന് നടത്തേണ്ട നിരവധി ഒൗദ്യോഗിക കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തിട്ടുമുണ്ട്.
മലയാളികൾ യു.എ.ഇയിൽ ഏറെയുള്ളതിനാൽ കോൺസുലേറ്റുമായി നല്ല ബന്ധം പുലർത്തേണ്ടിയിരുന്നു. ഇത് സംസ്ഥാന താൽപര്യത്തിെൻറയും ഭാഗമാണ്. ആദ്യമായാണ് ശിവശങ്കർ അടുപ്പത്തെക്കുറിച്ച് തുറന്നുപറയുന്നത്.
നിരപരാധിത്വം ആവർത്തിച്ചു
മുൻകൂർ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ തെൻറ നിരപരാധിത്വം ആവർത്തിച്ചു.
ഹരജിയിൽ പറയുന്നത്: ഒരു മാസത്തിനകം വിവിധ അന്വേഷണ ഏജൻസികൾ 90 മണിക്കൂറിലേറെ ചോദ്യം ചെയ്തു. അറിയാവുന്ന വിവരങ്ങളെല്ലാം കൈമാറി. എന്നെ പ്രതിചേർക്കാൻ തെളിവുകളില്ല. ഒരു അന്വേഷണ ഏജൻസിയും എനിക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടില്ല.
എന്നിട്ടും കേസിൽ ബന്ധമുണ്ടെന്ന് ആശയക്കുഴപ്പമുണ്ടാക്കാൻ ഇ.ഡിയുെട അന്തിമ റിപ്പോർട്ടിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. പ്രതികൾ സ്വർണക്കടത്ത് നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയ തീയതിക്ക് 12 മാസം മുമ്പ് ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാലിന് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ അനാവശ്യമായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തി.
ഇതിന് സ്വർണക്കടത്തുമായി ബന്ധമില്ല. സ്വപ്നയുടെയോ ചാർട്ടേഡ് അക്കൗണ്ടൻറിേൻറയോ മറ്റു സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയില്ല. സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ചാണ് ചാർട്ടേഡ് അക്കൗണ്ടൻറിനെ പരിചയപ്പെടുത്തിയത്.
മാധ്യമ വിചാരണയും പ്രചാരണങ്ങളും ബാലിശമായ വാർത്തകളും പ്രായമായ മാതാപിതാക്കൾക്കും മാനസിക സംഘർഷമുണ്ടാക്കുന്നുണ്ട്. 57കാരനായ ഞാൻ കൃത്യമായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുന്നതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ല. കോവിഡ് സാഹചര്യത്തിൽ അനിവാര്യമായ അറസ്റ്റേ പാടുള്ളൂവെന്ന് സുപ്രീംകോടതി വിധിയുമുണ്ടെന്ന് ശിവശങ്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.