സ്വർണക്കടത്ത്: ശിവശങ്കറിന്റെ ജാമ്യത്തിന് പിന്നാലെ റിമാൻഡ് അപേക്ഷയുമായി കസ്റ്റംസ്
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് ഒരു കേസിൽ ജാമ്യം അനുവദിച്ചതോടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ മറ്റൊരു കേസിൽ റിമാൻഡ് ചെയ്യണമെന്ന ആവശ്യവുമായി കസ്റ്റംസ്. സ്വർണം കടത്തിയെന്ന ആദ്യകേസിൽ എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി ജാമ്യം അനുവദിച്ചതോടെയാണ് സ്വർണക്കടത്തിനിടെ നടന്ന ഡോളർ കടത്തിൽ ശിവശങ്കറെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് സൂപ്രണ്ട് വി. വിവേക് അപേക്ഷ നൽകിയത്.
ഈ കേസിലെ നാലാം പ്രതിയായ ശിവശങ്കറിനെതിരെ കൂടുതൽ അന്വേഷണം നടക്കേണ്ടതിനാൽ റിമാൻഡ് ചെയ്യണമെന്നായിരുന്നു കസ്റ്റംസിെൻറ ആവശ്യം. കഴിഞ്ഞ ദിവസം കോടതിയുടെ അനുമതിയോടെ കാക്കനാട് ജയിലിലെത്തിയാണ് ശിവശങ്കറെ കസ്റ്റംസ് ഡോളർ കടത്ത് കേസിൽ അറസ്റ്റ് ചെയ്തത്.
2019 ആഗസ്റ്റ് ഏഴിന് ഖാലിദ് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഒമാൻവഴി 1.30 കോടിയുടെ 1,90,000 ഡോളർ കടത്തിയെന്നാണ് കേസ്. നേരത്തേ സരിത്തിനെ ചോദ്യം ചെയ്തപ്പോൾ ഒമാൻവരെ ഖാലിദിനൊപ്പം യാത്ര ചെയ്തതായും സമ്മതിച്ചിരുന്നു. ഡോളർ കടത്തിലും ശിവശങ്കറിന് ബന്ധമാരോപിച്ചാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ ഹൈകോടതിയും കസ്റ്റംസിെൻറ ആദ്യ കേസിൽ വിചാരണ കോടതിയും ജാമ്യം അനുവദിച്ചതിനാൽ ഡോളർ കടത്തുകേസിൽ മാത്രമാവും ശിവശങ്കർ ഇനി റിമാൻഡിൽ കഴിയേണ്ടി വരുക.
എൻ.ഐ.എ സ്വർണക്കടത്തിൽ ശിവശങ്കറെ ചോദ്യം ചെയ്തിരുന്നെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.