ശിവശങ്കർ 26 വരെ റിമാൻഡിൽ; ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച
text_fieldsകൊച്ചി: ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച, ഈ മാസം 26 വരെ കോടതി റിമാൻഡ് ചെയ്തു. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ശിവശങ്കർ നൽകിയ ജാമ്യപേക്ഷയിൽ മണിക്കൂറുകൾ നീണ്ട വാദത്തിനൊടുവിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള പ്രത്യേക) കോടതി ജഡ്ജി ഡോ. കൗസർ എടപ്പഗത്ത് റിമാൻഡ് ചെയ്തത്. ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും.
ബാങ്ക് ലോക്കറിൽനിന്ന് കണ്ടെത്തിയ ഒരു കോടി സ്വർണക്കടത്തിലൂടെ ലഭിച്ച കമീഷനായിരുെന്നന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ അന്തിമ റിപ്പോർട്ടിലുള്ളത്. എന്നാൽ, ലൈഫ് മിഷൻ പദ്ധതിയിലെ കമീഷനാണിതെന്നാണ് ഇ.ഡി ഇപ്പോൾ പറയുന്നത്. ശിവശങ്കറിന് എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നു എന്നാണ് സ്വപ്നയുടെ മൊഴി. ഇത് അവഗണിക്കാനാകുമോയെന്നു ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി ചോദിച്ചു. അവര്‍ക്കിടയിലെ വാട്സാപ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ഈ മൊഴി എന്നാണ് ഇ.ഡി പറയുന്നതെന്നും കോടതി പറഞ്ഞു.
ശിവശങ്കര്‍ സ്വപ്ന സുരേഷുമായി നടത്തിയിട്ടുള്ള വാട്സാപ് ചാറ്റ് ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകളും മറ്റും ഇ.ഡി കോടതിയില്‍ മുദ്രവച്ച കവറില്‍ കൈമാറിയിരുന്നു. ലോക്കറിലുണ്ടായിരുന്ന പണം ശിവശങ്കറിന്റേത് കൂടിയാണ്. ആ പണം തന്റെ താത്പര്യങ്ങൾക്കനുസരിച്ച് ചെലവഴിക്കാനാണ് ശിവശങ്കർ ശ്രമിച്ചതെന്നും ഇ.ഡി. കോടതിയിൽ വ്യക്തമാക്കി.
കടുത്ത മാനസിക സമ്മര്‍ദം മൂലമാണ് സ്വപ്ന ശിവശങ്കറിനെതിരെ മൊഴി നല്കാൻ കാരണം എന്നായിരുന്നു ശിവശങ്കറിന്റെ അഭിഭാഷകന്റെ മറുപടി. കൃത്യമായ തെളിവില്ലാതെയാണ് ശിവശങ്കറിനെതിരെ ഇ.ഡി കേസെടുത്തത്. ശിവശങ്കറിനെതിരായ തെളിവുകള്‍ പ്രതികളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.
മൂന്ന് അന്വേഷണ ഏജന്‍സികളും മൂന്ന് രീതിയിലാണ് കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. എൻ.ഐ.എയുടെ അന്വേഷണവും ഇ.ഡിയുടെ അന്വേഷണവും തമ്മില്‍ വൈരുദ്ധ്യമുണ്ട്. സ്വപ്നയുടെ നിര്‍ദേശപ്രകാരം ശിവശങ്കര്‍ എവിടെയുള്ള കസ്റ്റംസ് ഉദ്യോഗസ്ഥനെയാണ് ബന്ധപ്പെട്ടത് എന്ന് ഇ.ഡി വ്യക്തമാക്കിയിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു.
ശിവശങ്കർ വിളിച്ചത് കസ്റ്റംസിനെ അല്ല. ബാഗ് വിട്ട് കിട്ടാൻ ശിവശങ്കർ ഏത് ഉദ്യോഗസ്ഥനെയാണ് വിളിച്ചതെന്ന് ഇ.ഡി. വ്യക്തമാക്കുന്നില്ല. സ്വപ്ന ആവശ്യപ്പെട്ടത് പ്രകാരം വിളിച്ചത് ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥനെയാണെന്നും അഭിഭാഷകൻ പറഞ്ഞു.
ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ളയാണ് ശിവശങ്കറിന് വേണ്ടി ഹാജരായത്. ഇ.ഡിക്കുവേണ്ടി ഡൽഹിയിൽനിന്ന് വിഡിയോ കോൺഫറൻസ് വഴി അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവാണ് ഹാജരായത്. ശിവശങ്കറിന്റെ 13 ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നലെ കഴിഞ്ഞിരുന്നു. തുടര്‍ന്ന് സ്വപ്നയില് നിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന ഇ.ഡിയുടെ ആവശ്യം പരിഗണിച്ച് ഇന്നലെ ഒരു ദിവസത്തേയ്ക്കു കൂടി ശിവശങ്കറിനെ കസ്റ്റഡിയില്‍ നല്‍കുകയായിരുന്നു. എറണാകുളം ജില്ലാ ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.