കേസുകൾ ബാക്കിയാക്കി എം. ശിവശങ്കർ പടിയിറങ്ങുന്നു
text_fieldsതിരുവനന്തപുരം: കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഈ മാസം 31ന് വിരമിക്കും. വയസ്സ് പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ച വിരമിക്കേണ്ടതായിരുന്നെങ്കിലും 31 വരെ തുടരാം. 1995 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശിവശങ്കർ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ യു.എ.ഇ കോൺസുലേറ്റിന്റെ പേരിൽ നയതന്ത്ര ചാനലിലൂടെ സ്വര്ണം കടത്തിയെന്ന കേസിൽ പ്രതിയായി 98 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.
സർവിസിൽനിന്ന് സ്വയം വിരമിക്കാൻ മുമ്പ് അപേക്ഷ നൽകിരുന്നെങ്കിലും കേസുള്ളതിനാൽ അനുമതി ലഭിച്ചില്ല. പല കേസുകളിൽ പ്രതിയായതിനാൽ സജീവമായ നിയമപോരാട്ടങ്ങളിലേക്ക് കടക്കാനുറച്ചാണ് ശിവശങ്കർ പടിയിറങ്ങുന്നത്. സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ പേരുകൾ പുറത്തുവന്നതിനു പിന്നാലെയാണ് ശിവശങ്കറിന്റെ പങ്കിനെക്കുറിച്ചും ആരോപണം ഉയർന്നത്. സ്വർണക്കടത്ത് സംഘത്തെ കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചെന്ന കേസിൽ 2020 ഒക്ടോബർ 28നാണ് അദ്ദേഹത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
ആദ്യം പിന്തുണച്ചും ന്യായീകരിച്ചും മുന്നോട്ടുവന്ന മുഖ്യമന്ത്രി സ്വപ്നയുടെ വ്യാജ സർട്ടിഫിക്കറ്റിനെക്കുറിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ ശിവശങ്കറിനെ കൈവിട്ടു. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഐ.ടി സെക്രട്ടറി സ്ഥാനങ്ങളിൽ നിന്നും മാറ്റി. ഇതോടെ ശിവശങ്കർ ഒരു വർഷത്തെ അവധിയിൽ പ്രവേശിച്ചു. സ്വർണക്കടത്ത്കേസ് അന്വേഷണത്തിന് തുടക്കമിട്ടത് കസ്റ്റംസാണെങ്കിലും എൻ.ഐ.എയും ഇ.ഡിയുമെല്ലാം ദിവസങ്ങളോളം ശിവശങ്കറിനെ ചോദ്യം ചെയ്തു. സ്വപ്ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, ചാർട്ടേഡ് അക്കൗണ്ടന്റുമായി നടത്തിയ ചാറ്റുകളെക്കുറിച്ച് കൃത്യമായി മറുപടി പറയാൻ കഴിയാത്തതോടെ ഇ.ഡി അദ്ദേഹത്തെ അറസ്റ്റു ചെയ്തു. ജയിൽ മോചിതനായ ശേഷം സർവിസിൽ മടങ്ങിയെത്തിയ അദ്ദേഹം തന്റെ ജീവിതം പശ്ചാത്തലമാക്കി ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പേരിൽ പുസ്തകവുമെഴുതി.
1963 ജനുവരി 24ന് തിരുവനന്തപുരത്താണ് ശിവശങ്കർ ജനിച്ചത്. 1978 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ രണ്ടാം റാങ്ക് നേടി. ബി.ടെക് ബിരുദം നേടിയശേഷം റിസർവ് ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു. ഡെപ്യൂട്ടി കലക്ടറായി സംസ്ഥാന സർവിസിലെത്തി. 2000ത്തിൽ ഐ.എ.എസ് കൺഫർ ചെയ്തു. 2016 ൽ മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി പദവിയിലെത്തി. 2019ൽ പ്രിൻസിപ്പൽ സെക്രട്ടറിയായി. അക്കാലത്താണ് വിവാദങ്ങൾ. സ്പ്രിൻക്ലർ ഉൾപ്പെടെ വിവാദങ്ങളിലും ശിവശങ്കറിന്റെ പേര് പരാമർശിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.