സ്വർണക്കടത്ത്: എം. ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യും
text_fieldsകൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വർണ കള്ളക്കടത്ത് നടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്നും എൻ.ഐ.എ ചോദ്യം ചെയ്യും. എൻ.ഐ.എ ദക്ഷിണ മേഖല ഡിഐജി കെ.ബി വന്ദനയുടെ മേൽനോട്ടത്തില്‍ തിങ്കളാഴ്ച നടത്തിയ ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് തുടർച്ചയായാണ് ഇന്നത്തെ ചോദ്യം ചെയ്യലും. അദ്ദേഹത്തോട് രാവിലെ പത്ത് മണിക്ക് ഹാജരാവാനാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയത്. കൊച്ചിയിലെയും ബംഗളൂരുവിലെയും ഹൈദരാബാദ് യൂനിറ്റിലെയും എൻ.ഐ.എ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിൽ പങ്കെടുത്തിരുന്നു.
പ്രതികൾ ശിവശങ്കറുമായി നടത്തിയ ഇടപെടലുകളുടെ വിശദാംശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തിങ്കളാഴ്ചത്തെ ചോദ്യങ്ങളിലേറെയും. പ്രതികളുമായി ഇദ്ദേഹത്തിന് വഴിവിട്ട ഇടപെടലുകൾ ഉണ്ടെന്ന് തന്നെയാണ് എൻ.ഐ.എ സംശയിക്കുന്നത്. സ്വപ്ന സുരേഷും സന്ദീപ് നായരും കേരളം വിട്ടതിലും ഇവർക്ക് ആദ്യം നിയമസഹായം ലഭിച്ചതിലും ഇദ്ദേഹത്തിന് പങ്കുള്ളതായി സംശയിക്കുന്നു. സ്വർണക്കടത്തിലും വിൽപനയിലും ഏതെങ്കിലും രീതിയിൽ അറിവുണ്ടായിരുന്നോ, നേട്ടമുണ്ടാക്കിയിട്ടുണ്ടോ എന്നതിൽ കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യലെന്നാണ് വിവരം.
കസ്റ്റംസ് ശിവശങ്കറിൽനിന്ന് നേരത്തേ ശേഖരിച്ച മൊഴി, സരിത്ത്, സന്ദീപ് നായർ, സ്വപ്ന സുരേഷ് എന്നിവർ കസ്റ്റംസിന് നൽകിയ മൊഴി, ശിവശങ്കർ വ്യാഴാഴ്ച പൊലീസ് ക്ലബിൽവെച്ച് അഞ്ച് മണിക്കൂർ ചോദ്യം ചെയ്യലിൽ നൽകിയ മൊഴി, എൻ.ഐ.എ കസ്റ്റഡിയിലുണ്ടായിരുന്ന മറ്റ് പ്രതികൾ എൻ.ഐ.എക്ക് കഴിഞ്ഞ ദിവസങ്ങളിൽ നൽകിയ മൊഴി, ഇവ എല്ലാം മുന്നിൽവെച്ചായിരുന്നു ഉന്നത സംഘത്തിെൻറ ചോദ്യം ചെയ്യൽ.
കള്ളക്കടത്തിൽ ശിവശങ്കറിന് അറിവുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുകയാണ് എൻ.ഐ.എയുടെ ലക്ഷ്യം. കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദം മാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കര്‍ നേരത്തേ തിരുവനന്തപുരത്തുനടന്ന ചോദ്യം ചെയ്യലില്‍ എന്‍.ഐ.എ.യോട് പറഞ്ഞിരുന്നത്. കൊച്ചിയിൽ നടന്ന ചോദ്യം ചെയ്യലിലും ശിവശങ്കർ ഈ മൊഴി തന്നെ ആവർത്തിച്ചതായാണ് വിവരം.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.