ശിവശങ്കറിന്റെ ജാമ്യഹരജി വിധി പറയാൻ മാറ്റി
text_fieldsകൊച്ചി: ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. ഹരജിക്കാരന്റെയും മറ്റ് കക്ഷികളുടെയും വാദം പൂർത്തിയായതിനെ തുടർന്നാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഹരജി വിധി പറയാൻ മാറ്റിയത്.
വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ലൈഫ് മിഷൻ പദ്ധതിക്കുവേണ്ടി യു.എ.ഇ റെഡ് ക്രസന്റ് നൽകിയ ഫണ്ടിൽനിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് ഇ.ഡി ഫെബ്രുവരി 14ന് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. മാർച്ച് രണ്ടിന് അഡീ. സെഷൻസ് കോടതി ശിവശങ്കറിന്റെ ജാമ്യഹരജി തള്ളി. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. തനിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നും ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ശിവശങ്കർ ഹരജി നൽകിയത്. ആരോഗ്യസ്ഥിതി സംബന്ധിച്ച വാദം അവാസ്തവമാണെന്ന് ഇ.ഡി അറിയിച്ചതിനെ തുടർന്ന് ആരോഗ്യസ്ഥിതി സംബന്ധിച്ച രേഖകൾ കോടതി കീഴ്കോടതിയിൽനിന്ന് വരുത്തി പരിശോധിച്ചു.
അഴിമതിയിലൂടെയുണ്ടാക്കിയ പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയതിലൂടെ വിദേശനാണ്യ വിനിമയച്ചട്ടത്തിന്റെ ലംഘനം നടന്നുവെന്നാണ് ഇ.ഡിയുടെ ആരോപണം. എന്നാൽ, സ്വർണക്കടത്ത് കേസിൽ തന്നെ നേരത്തേ അറസ്റ്റ് ചെയ്തതാണെന്നും പുതിയ ആരോപണം ഉന്നയിക്കുന്നത് തെറ്റാണെന്നുമാണ് ശിവശങ്കറിന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.